* കേരളത്തെ തുറമുഖ നഗരമാക്കുന്ന ‘മിഷൻ സമുദ്രയ്ക്ക് തുടക്കം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന കവാടമാണെന്നും കേരളത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ നേട്ടമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സമ്പൂർണ കയറ്റുമതി – ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യത്തെ രണ്ട് എക്സിം കണ്ടെയ്നറുകളും മുഖ്യമന്ത്രി ഫ്ലാഗ്ഓഫ് ചെയ്തു. കേരളത്തിന്റെ സമഗ്ര സമുദ്ര സാമ്പത്തിക വികസനം ലക്ഷ്യമിടുന്ന മിഷൻ സമുദ്ര പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
മറ്റൊരു തുറമുഖത്തെയും ആശ്രയിക്കാതെ, ട്രാൻസ്ഷിപ്പ്മെന്റ് ഇല്ലാതെ, ആറ് ഭൂഖണ്ഡങ്ങളിലെ നൂറുകണക്കിന് തുറമുഖങ്ങളിലേക്ക് നേരിട്ട് ചരക്കുനീക്കം നടത്താൻ ഇനി വിഴിഞ്ഞം വഴി സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പൂർണമായും ഓട്ടോമേറ്റഡ് ആയി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമാണ് വിഴിഞ്ഞമെന്നത് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
