**മിഷൻ സമുദ്ര പദ്ധതി പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസന വഴിയിലെ നിർണായക നാഴികക്കല്ലായ സമ്പൂർണ്ണ കയറ്റുമതി – ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങൾക്ക് ഇന്ന് (ആഗസ്റ്റ് 18) തുടക്കമാകും. രാവിലെ 10.45ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ എക്സിം കണ്ടെയ്നർ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. കേരളത്തിന്റെ സമഗ്ര സമുദ്ര സാമ്പത്തിക വികസനം ലക്ഷ്യമിടുന്ന തുറമുഖാധിഷ്ഠിത വ്യവസായ-ലോജിസ്റ്റിക്സ് വികസന പദ്ധതിയായ ‘മിഷൻ സമുദ്ര’യുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും.
ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്റ് മദർ പോർട്ടിൽ നിന്നുള്ള വാണിജ്യ ചരക്ക് നീക്കത്തിനാണ് വിഴിഞ്ഞത്ത് തുടക്കമാകുന്നത്. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കവാടങ്ങളിലൊന്നായി വിഴിഞ്ഞം മാറുന്നതിന്റെ ഔദ്യോഗിക തുടക്കം കൂടിയാണിത്. ആഗോള സമുദ്ര വ്യാപാര പാതകളെ ഇന്ത്യൻ വിപണിയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന കവാടമായി കേരളം മാറുന്നതിന്റെ തെളിവുകൂടിയാണ് സമ്പൂർണ്ണ എക്സിം പ്രവർത്തനങ്ങളുടെ തുടക്കം. സംസ്ഥാന സർക്കാർ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെയും സമുദ്ര മേഖലയിലെ മറ്റ് പങ്കാളികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ലോകോത്തര തുറമുഖം യാഥാർഥ്യമായത്. വ്യാപാര, നിക്ഷേപ, സാമ്പത്തിക വികസനത്തിലേക്കുള്ള പ്രധാന വാതായനമായാണ് വിഴിഞ്ഞം മാറുന്നത്.
