1936 ലെ ക്ഷേത്ര പ്രവേശനവിളംബരത്തിന്റെ മുഖ്യ കാരണക്കാരൻ അയ്യങ്കാളിയായിരുന്നുവെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച മഹാത്മാ അയ്യൻകാളിയുടെ 163ാ മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വെള്ളയമ്പലം അയ്യൻകാളി സ്ക്വയറിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1913ൽ ശ്രീമൂലം പ്രജാസഭയിൽ ബ്രിട്ടീഷുകാർക്കെതിരായും കേരളത്തിലെ അസമത്വത്തിനെതിരായും അയ്യൻകാളി നിലകൊണ്ടു. അദ്ദേഹം നയിച്ച വില്ലുവണ്ടി സമരം അക്കാലത്തു വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. അത് അന്നത്തെ സവർണ ഫാസിസത്തെ ഞെട്ടിച്ചു. ഇതിന്റെ തുടർച്ചയായി എല്ലാ കാലത്തും പുരോഗമനപരമായ കാര്യങ്ങൾ ചെയ്ത സർക്കാരാണ് യു ഡി എഫിന്റേതെന്നും മന്ത്രി പറഞ്ഞു.
പട്ടിക ജാതിക്കാർക്ക് ഇത്തവണ ബഡ്ജറ്റിൽ അധിക തുക നീക്കിവച്ചു: മന്ത്രി കെ എ തുളസി ടീച്ചർ
അധഃസ്ഥിത സമൂഹത്തെ പൊതുധാരയിലേക്ക് കൈപ്പിടിച്ചുയർത്തുക എന്ന ലക്ഷ്യമാണ് ഈ സർക്കാരിനുള്ളതെന്നും അതുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും പട്ടിക ജാതി-പട്ടിക വർഗ വികസന മന്ത്രി കെ എ തുളസി ടീച്ചർ. ഇത്തവണ ഒരു രൂപ പോലും പട്ടിക ജാതി വിഭാഗങ്ങൾക്ക് വെട്ടി കുറക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചത്. അധികമായി തുക നീക്കി വയ്ക്കുകയും ചെയ്തു. അതുപോലെ വിദ്യാർത്ഥികൾക്ക് കുടിശ്ശികയില്ലാതെ മുഴുവൻ ഇ ഗ്രാന്റും കൊടുത്തു. പട്ടികജാതി വിഭാഗങ്ങൾക്കുള്ള ഭവന നിർമാണ പദ്ധതി എത്രയും വേഗം തുടങ്ങും. ഇതിനുള്ള എല്ലാ മാർഗ നിർദ്ദേശങ്ങളും തയ്യാറായിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ പദ്ധതികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കും. സ്ത്രീകൾക്ക് സ്വയംതൊഴിൽ പദ്ധതിക്ക് 10 ലക്ഷം സബ്സിഡി നൽകുന്ന പദ്ധതിയും സർക്കാർ നടപ്പാക്കുന്നുണ്ട്. എന്നാൽ പല കാലത്തും പല പദ്ധതികളും സർക്കാരുകൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം ഉദ്ദേശിച്ച വ്യാപ്തിയിലും ലക്ഷ്യത്തിലും എത്തിയോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
