കാലത്തിനനുസരിച്ച് കൈത്തറി മേഖലയിൽ സാങ്കേതികവിദ്യയും നവീകരണവും അനിവാര്യമാണെങ്കിലും, തലമുറകളായി കൈകൊണ്ട് നെയ്ത്ത് നടത്തുന്ന പരമ്പരാഗത നെയ്ത്തുകാരുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാകും ആധുനികവത്കരണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല കൈത്തറി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യുട്ടി സ്പീക്കർ.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തോടും സ്വദേശി പ്രസ്ഥാനത്തോടും ചേർന്നുനിൽക്കുന്ന ദിനമാണ് ദേശീയ കൈത്തറി ദിനമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. 1905-ലെ സ്വദേശി പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ ഉൽപ്പന്നങ്ങളും കൈത്തറി വസ്ത്രങ്ങളും പ്രോത്സാഹിപ്പിച്ച ചരിത്രമാണ് രാജ്യത്തിന്റെ കൈത്തറി പാരമ്പര്യത്തിന് അടിത്തറ പാകിയത്. പുതിയ സാങ്കേതികവിദ്യകൾ തൊഴിലാളികൾക്ക് കൂടുതൽ സൗകര്യവും ഉത്പാദനക്ഷമതയും നൽകുന്നതിനായിരിക്കണം ഉപയോഗിക്കേണ്ടത്.
കൈത്തറി മേഖലയിൽ സ്ത്രീകളുടെ പങ്ക് നിർണായകമാണ്. സ്ത്രീശാക്തീകരണത്തിന്റെ മികച്ച മാതൃകകളിലൊന്നാണ് കൈത്തറി മേഖല. ഓണത്തിന് മുന്നോടിയായി കൈത്തറി മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ പിന്തുണ ഉറപ്പാക്കുന്നതിനുമായി സർക്കാർ ഇടപെടലുകൾ ശക്തമാക്കും.
