വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രയോജനം എല്ലാവരിലേക്കും ഒരുപോലെ എത്തിക്കും. അറിവ് നേടാനും വികസിപ്പിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളിൽ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനും പാഠ്യപദ്ധതിക്കൊപ്പം സാങ്കേതിക വൈദഗ്ധ്യം വികസിപ്പിക്കുന്നതിനും സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി കൈറ്റ് പൂർത്തിയാക്കിയ സ്കൂൾ വിക്കിത്തോൺ ശ്രദ്ധേയമായ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 12291 വിദ്യാലയങ്ങളുടെ ചരിത്രം, നാൾവഴികൾ, പഠിച്ചിറങ്ങിയ പ്രമുഖ വ്യക്തികളുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഡിജിറ്റൽ ഡാറ്റാ ശേഖരണമാണ് പദ്ധതിയിലൂടെ സാധ്യമായത്. പദ്ധതി വിജയകരമായി പൂർത്തിയാക്കിയ കൈറ്റിനെ മന്ത്രി അഭിനന്ദിച്ചു.
ഡിജിറ്റൽ സ്ക്വയർ, തീരദേശ-ആദിവാസി മേഖലകളിലെ കുട്ടികളുടെ സ്കൂൾ ഡ്രോപ്പ്ഔട്ട് തടയുന്നതിനുള്ള പദ്ധതികൾ, കായികമിത്രം, എറൈസ്, അക്വാഫിറ്റ്, അധ്യാപകരുടെ സർവീസ് പ്രശ്നങ്ങൾ പരിഹരിക്കുന്ന ‘റിസോൾവ്’ അദാലത്ത് തുടങ്ങിയവയും നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
