പദ്ധതി നടപ്പാക്കി 97 ദിവസം പിന്നിടുമ്പോൾ 12.54 കോടി സ്ത്രീ യാത്രകളാണ് നടന്നത്. 266 കോടി രൂപയുടെ സൗജന്യയാത്രയാണ് ഈ കാലയളവിൽ സ്ത്രീകൾക്ക് ലഭിച്ചത്. പദ്ധതി ഇല്ലായിരുന്നെങ്കിൽ ഈ തുക സ്ത്രീകൾക്ക് ചെലവഴിക്കേണ്ടിവരുമായിരുന്നു. ഓർഡിനറി ബസുകളിൽ നടപ്പാക്കിയ പദ്ധതിക്ക് ദിനംപ്രതി സ്വീകാര്യത വർധിക്കുകയാണ്. ആദ്യ ആഴ്ചയിൽ 11 ലക്ഷം സ്ത്രീ യാത്രക്കാരുണ്ടായിരുന്നത് ഇപ്പോൾ 14 ലക്ഷമായി ഉയർന്നു. പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന യാത്രാക്കണക്ക് സെപ്റ്റംബർ ഏഴിനായിരുന്നു. അന്ന് 15 ലക്ഷത്തിലധികം പേർ യാത്ര ചെയ്തപ്പോൾ പദ്ധതിയുടെ ടിക്കറ്റ് മൂല്യം 3.29 കോടി രൂപയായി.
പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ പുരുഷന്മാർ കെഎസ്ആർടിസിയിൽ നിന്ന് യാത്ര ഒഴിവാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു. കെഎസ്ആർടിസിയിലെ പുരുഷയാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വർധനവ് രേഖപ്പെടുത്തി. സ്വകാര്യ വാഹനങ്ങളിൽനിന്ന് പൊതുഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധന ഉപഭോഗവും കാർബൺ ബഹിർഗമനവും ഗതാഗതക്കുരുക്കും കുറയ്ക്കാൻ സഹായിച്ചതായും മന്ത്രി പറഞ്ഞു.
സ്ത്രീകൾക്ക് യാത്രാക്കൂലിയായി ലാഭിക്കാൻ കഴിഞ്ഞ തുക പൊതുവിപണിയിൽ വിനിയോഗിക്കപ്പെട്ടത് സംസ്ഥാന സമ്പദ്വ്യവസ്ഥയ്ക്കും വിപണിക്കും ഉണർവേകിയതായി മന്ത്രി പറഞ്ഞു. സാമ്പത്തിക നേട്ടത്തിനപ്പുറം സ്ത്രീകളുടെ അന്തസ്സും ആത്മവിശ്വാസവും വർധിപ്പിക്കാനും പദ്ധതിക്കായി. യാത്രാക്കൂലിയെക്കുറിച്ച് ആശങ്കപ്പെടാതെ പ്രായഭേദമില്ലാതെ സ്ത്രീജനങ്ങൾക്ക് കൂടുതൽ ധൈര്യത്തോടെ യാത്ര ചെയ്യാൻ പദ്ധതി സഹായകമായി. പദ്ധതി വിജയകരമാക്കുന്നതിൽ പ്രവർത്തിച്ച കെഎസ്ആർടിസി ജീവനക്കാരുടെ ആത്മാർഥമായ സേവനത്തെയും മന്ത്രി അഭിനന്ദിച്ചു.
