കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിലും പുരോഗതിയിലും മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്തും സേവനവും സജീവമായി പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ആദ്യമായി മുതിർന്ന പൗരന്മാർക്ക് പ്രത്യേക വകുപ്പ് രൂപീകരിച്ച് കേരളം പുതിയ മാതൃക സൃഷ്ടിക്കുകയാണ്. വയോജന സംരക്ഷണം സർക്കാരിന്റെ ഔദാര്യമെന്ന നിലയിൽ കാണാതെ നിയമപരമായ അവകാശമായി ഉറപ്പാക്കുന്നതിനുള്ള സമഗ്ര നിയമനിർമാണം നിയമസഭയിൽ അവതരിപ്പിക്കും. കേവലം ക്ഷേമാനുകൂല്യങ്ങൾ നൽകുന്നതിൽ ഒതുങ്ങാതെ മുതിർന്നവരുടെ അനുഭവവും കഴിവുകളും നാടിന്റെ പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്ന ‘സിൽവർ ഇക്കോണമി’ എന്ന കാഴ്ചപ്പാടോടെയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2036-ഓടെ കേരളത്തിലെ ജനസംഖ്യയുടെ 38 ശതമാനത്തോളം മുതിർന്ന പൗരന്മാരാകുമെന്ന പഠനറിപ്പോർട്ട് മുൻനിർത്തിയാണ് സർക്കാർ പുതിയ നടപടികളിലേക്ക് കടക്കുന്നത്. മുതിർന്നവരുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ചെയർപേഴ്സണായുള്ള ഗവേണിങ് കൗൺസിൽ രൂപീകരിക്കും. അന്താരാഷ്ട്ര മാതൃകകൾ പഠിച്ച് നിർദേശങ്ങൾ നൽകുന്നതിനായി വിദഗ്ധരടങ്ങിയ സാങ്കേതിക ഉപദേശക സമിതിയും നിലവിൽ വരും. ഇതോടൊപ്പം ഡയറക്ടറേറ്റും ജില്ലാതല സീനിയർ സിറ്റിസൺസ് സെല്ലുകളും ഉടൻ പ്രവർത്തനസജ്ജമാക്കും.
