** വാഗമണിൽ പ്രീമിയം പോഡ് സ്റ്റേ
കേരളത്തിൽ ആദ്യമായി സർക്കാർ മേഖലയിൽ വർക്കേഷൻ ആശയം നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ താമസിച്ചു ജോലി ചെയ്യാൻ കഴിയുന്ന വർക്കേഷൻ സൗകര്യങ്ങൾ ഗവിയിലും സൂര്യനെല്ലിയിലും ഒരുക്കുന്ന ‘SHOLA’ (Seek-Hike-Observe-Lodge-Absorb) ബ്രാൻഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതുൾപ്പെടെ കേരള വനവികസന കോർപറേഷൻ പുതിയതായി ആരംഭിക്കുന്ന അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം മാസ്ക്കോട്ട് ഹോട്ടലിൽ മുഖ്യമന്ത്രി നിർവഹിച്ചു.
കേരള വനവികസന കോർപറേഷന്റെ തോട്ടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന തേയിലയും കാപ്പിയും വിപണനം ചെയ്യുന്ന ‘ആത്മ’ എന്ന ബ്രാൻഡിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ആത്മ തേയില-കാപ്പി ബ്രാൻഡിന്റെ ആദ്യ വില്പന മന്ത്രി ഷിബു ബേബി ജോൺ മുഖ്യമന്ത്രിക്ക് കൈമാറി നിർവഹിച്ചു. വാഗമണ്ണിൽ ആരംഭിക്കുന്ന പ്രീമിയം പോഡ് സ്റ്റേ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. നാല് പോഡുകളുടെ നിർമാണം ഡിസംബറിൽ പൂർത്തീകരിക്കും. തവണ വ്യവസ്ഥയിൽ വിനോദയാത്രകൾ സാധ്യമാക്കുന്ന ‘ട്രാവൽ ടുഡേ പേ ടുമോറോ’ പദ്ധതി, പ്രകൃതി വ്യാഖ്യാനത്തിന്റെ നിലവാരം ഉയർത്തുന്നതിനുള്ള ഇക്കോ ഗൈഡ് പരിശീലനം തുടങ്ങിയ സംരംഭങ്ങൾക്കും ഇന്ന് തുടക്കം കുറിച്ചു.
