അപ്പം, അരവണ എന്നിവയുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കും. അരവണ നിർമാണത്തിന് രണ്ട് മെഷീനുകൾ സജ്ജമാക്കും. പ്രസാദ വിതരണത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. തീർഥാടകർക്ക് ഗുണമേന്മയുള്ള ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധനയും നടത്തും.
മഴക്കാലത്ത് തകർന്ന ഇടറോഡുകൾ ഉൾപ്പെടെ ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കി യാത്രായോഗ്യമാക്കും. ദേവസ്വത്തിന്റെ കീഴിലുള്ള ചാലക്കയം – പമ്പ റോഡിന്റെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പൂർത്തിയാക്കും. കെഎസ്ആർടിസി കൂടുതൽ ബസ് സർവീസുകൾ ഒരുക്കും.
പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും. പമ്പ നദി ശുചീകരിക്കുന്നതിനൊപ്പം പമ്പയിലെ ശൗചാലയങ്ങൾ, തുണിവാരൽ തുടങ്ങിയ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കും. സന്നിധാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന പാഴ്വസ്തുക്കൾ നീക്കം ചെയ്യുന്നതിനും ഹോട്ടലുകളിലും സ്ഥാപനങ്ങളിലും മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുന്നതിനും നടപടിയെടുക്കും. ശുചിത്വ മിഷന്റെ സഹകരണത്തോടെ ത്രീ ബിൻ സംവിധാനം കർശനമായി നടപ്പാക്കും.
