സംസ്ഥാനത്തെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. തുടർന്ന് ഭാരതീയ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയുണ്ടാകും. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻ.സി.സി., സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്യും. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, കറക്ഷണൽ സർവീസ് മെഡലുകൾ, ജീവൻരക്ഷാ പതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. തുടർന്ന് തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും എൻ.സി.സി. കേഡറ്റുകളുടെ അശ്വാഭ്യാസ പ്രകടനങ്ങളും ഉണ്ടായിരിക്കും.
മന്ത്രിമാരായ ഷിബു ബേബി ജോൺ കൊല്ലത്തും പി.സി. വിഷ്ണുനാഥ് പത്തനംതിട്ടയിലും എം. ലിജു ആലപ്പുഴയിലും മോൻസ് ജോസഫ് കോട്ടയത്തും അനൂപ് ജേക്കബ് ഇടുക്കിയിലും റോജി എം. ജോൺ എറണാകുളത്തും ഒ. ജെ. ജനീഷ് തൃശൂരിലും എൻ. ഷംസുദ്ദീൻ പാലക്കാടും പി. കെ. ബഷീർ മലപ്പുറത്തും എ. പി. അനിൽകുമാർ കോഴിക്കോട്ടും ടി. സിദ്ദിഖ് വയനാട്ടിലും സണ്ണി ജോസഫ് കണ്ണൂരും കെ. എം. ഷാജി കാസറഗോഡും നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും.
സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളേജുകൾ, സ്കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കേണ്ടതാണ്.
