പോലീസ് സ്റ്റേഷനിലെത്തുന്ന പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി എല്ലാവരോടും ഉദ്യോഗസ്ഥർ സൗമ്യതയോടെയും സ്നേഹത്തോടെയും പെരുമാറണം. പരാതി നൽകാൻ എത്തുന്നയാൾക്ക് ഇവിടെ നിന്ന് നീതി ലഭിക്കുമെന്ന ആത്മവിശ്വാസം ഉണ്ടാകണം. ആധുനിക കാലത്തെ ഏറ്റവും ജനസൗഹൃദമായ പോലീസ് സങ്കൽപ്പമാണ് ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറ്റകൃത്യങ്ങളുടെ മാറുന്ന സ്വഭാവത്തിനനുസരിച്ച് പോലീസിന്റെ അന്വേഷണ രീതിയിലും സമീപനത്തിലും മാറ്റം അനിവാര്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക് സാങ്കേതികവിദ്യ തുടങ്ങിയ ആധുനിക സങ്കേതങ്ങൾ കുറ്റവാളികൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ അതിനനുസരിച്ച് പോലീസിനെയും സജ്ജമാക്കണം. ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കൂടുതൽ പ്രൊഫഷണലും കാര്യക്ഷമവുമായ പോലീസ് സേനയെ സൃഷ്ടിക്കണം. അതോടൊപ്പം ജനങ്ങളോട് സൗഹൃദപരമായി ഇടപെടുന്ന പോലീസ് സംവിധാനവും ഉണ്ടാകണം. ഈ രണ്ട് ലക്ഷ്യങ്ങളും ഒരുമിച്ച് കൈവരിക്കാൻ ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ലഹരിക്കെതിരായ സംസ്ഥാനത്തിന്റെ പോരാട്ടവും അദ്ദേഹം പരാമർശിച്ചു. യുവതലമുറയെ മയക്കുമരുന്നിന്റെ പിടിയിൽനിന്ന് രക്ഷിക്കുന്നതിനുള്ള കേരള പോലീസിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിനും ലോകത്തിനും മാതൃകയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഔദ്യോഗിക ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
