ആയൂർവേദം കേരളത്തിന്റെ അഭിമാനമാണെന്നും എല്ലാവർക്കും ആരോഗ്യമെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ. കേരളത്തിൽ അഖിലേന്ത്യ ആയൂർവേദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകുമെന്നും മന്ത്രി അറിയിച്ചു. 11-ാമത് ആയൂർവേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് പാലസ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ കേരളത്തിൽ ആയൂർവേദത്തിന് സുപ്രധാന പങ്കാണുള്ളത്. ചികിത്സയ്ക്കായി ആളുകളെ കേരളത്തിലേക്ക് ആകർഷിക്കുന്നതാണ് ഹെൽത്ത് ടൂറിസമെന്നും അതിന്റെ സാധ്യതകൾ കേരളം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി. ഏത് ചികിത്സ വേണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം രോഗികൾക്കുണ്ടെന്നും പരസ്പരം അംഗീകരിച്ചുള്ള ചികിത്സാ രീതികൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയുടെ ശാക്തീകരണത്തിന് കൂട്ടായ പരിശ്രമമാണ് വേണ്ടത്. പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ചാണ് ആയൂർവേദ ദിനാചരണം സംഘടിപ്പിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു.’ആരോഗ്യകരമായ നാളേയ്ക്കായി ആയൂർവേദം’ എന്ന ആശയം മുൻനിർത്തി, സമഗ്രമായ ആരോഗ്യപരിചരണവും ഗവേഷണവും സാമൂഹികക്ഷേമവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ദിനാചരണം കൊണ്ട് ലക്ഷ്യമാക്കുന്നത്.
