അന്താരാഷ്ട്ര ബധിര വാരാഘോഷത്തിന്റെയും ആംഗ്യഭാഷദിനാചരണത്തിന്റെയും ഉദ്ഘാടനം മാനവീയം വീഥിയിൽ നടന്നു
മറ്റു ഭാഷകൾ പോലെ ആംഗ്യഭാഷയ്ക്കും സമൂഹത്തിൽ പ്രാധാന്യമുണ്ടെന്ന് ഫിഷറീസ്, സാമൂഹിക നീതി വകുപ്പ് മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ. ആംഗ്യഭാഷ എല്ലാവർക്കും പഠിക്കാൻ കഴിയണമെന്നും ആംഗ്യഭാഷ ഉപയോഗിക്കുന്നവരുമായുള്ള തടസരഹിതമായ ആശയവിനിമയത്തിന് അത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ബധിരവാരാഘോഷത്തിന്റെയും ആംഗ്യഭാഷ ദിനാചരണത്തിന്റെയും ഉദ്ഘാടനം മാനവീയം വീഥിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസാരിക്കാൻ കഴിയുന്നവരിൽ താത്പര്യമുള്ളവർക്ക് കൂടി ആംഗ്യഭാഷ പഠിപ്പിക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിഷിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സെപ്റ്റംബർ 21 മുതൽ 27 വരെയാണ് ലോക ബധിര വാരാചരണം നടക്കുന്നത്.
