കേരള പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളിൽ ‘ഫെസ്റ്റിവൽ കേരളം’ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം, നിക്ഷേപ സാധ്യതകൾ, ടൂറിസം മേഖലയുടെ സാധ്യതകൾ എന്നിവ ദേശീയ, അന്തർദേശീയ തലത്തിൽ പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഫെസ്റ്റിവൽ കേരളം സംഘടിപ്പിക്കുക. കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ അവതരണം, സാംസ്കാരിക ചർച്ചകൾ, നിക്ഷേപക സംഗമം, ടൂറിസം സാധ്യതകളുടെ അവതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. രണ്ടാംഘട്ടത്തിൽ വിദേശ രാജ്യങ്ങളിലേക്കും പരിപാടി വ്യാപിപ്പിക്കും. ഫെസ്റ്റിവൽ കേരളം നടത്തിപ്പിനായി മുഖ്യമന്ത്രി ചെയർമാനും സാംസ്കാരിക വകുപ്പ് മന്ത്രി കൺവീനറുമായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരളസഭ പിരിച്ചുവിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മുൻ തീരുമാനങ്ങൾ നടപ്പാക്കാത്തതും ഉയർന്ന ചെലവും കണക്കിലെടുത്താണ് തീരുമാനം. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രവാസി വരുമാനം നിക്ഷേപങ്ങളാക്കി മാറ്റുന്നതിനുമായി ബദൽ സംവിധാനം കൊണ്ടുവരും. പ്രവാസികളുടെ വരുമാനത്തെ ‘റെമിറ്റൻസ് ഇക്കോണമി’യിൽ നിന്ന് ‘ഇൻവെസ്റ്റ്മെന്റ് ഇക്കോണമി’യിലേക്ക് മാറ്റുന്നതിനുള്ള പദ്ധതികൾ പുതിയ സംവിധാനത്തിലൂടെ നടപ്പാക്കും. ഇതിനായി മുഖ്യമന്ത്രി ചെയർമാനായും വ്യവസായ, ആഭ്യന്തര, ആരോഗ്യ, ജലവിഭവ വകുപ്പ് മന്ത്രിമാർ അംഗങ്ങളായും പ്രത്യേക മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.
