യുവാക്കളുടെ കഴിവുകളും ആശയങ്ങളും സാമൂഹ്യ ഉത്തരവാദിത്തവും പ്രയോജനപ്പെടുത്തി ആരോഗ്യവും സുരക്ഷിതത്വവുമുള്ള ഭാവി സൃഷ്ടിക്കുകയാണ് യുവജന ദിനാചരണത്തിന്റെ ലക്ഷ്യം. എച്ച് ഐ വി എയ്ഡ്സ് ഉൾപ്പെടെയുള്ള രോഗങ്ങളെക്കുറിച്ച് യുവതലമുറയ്ക്ക് ശരിയായ അറിവും അവബോധവും ഉണ്ടാകേണ്ടത് അനിവാര്യമാണ്. ജീവിതശൈലിയിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോഴും രോഗവ്യാപനം തടയുന്നതിന് സ്വയം ജാഗ്രത പാലിക്കണമെന്നും ഭാവിതലമുറയുടെ ആരോഗ്യ സംരക്ഷണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
രോഗം പകരുന്നത് തടയാൻ ആശുപത്രികളിൽ ചികിത്സ തേടുമ്പോൾ ഡിസ്പോസിബിൾ സിറിഞ്ചുകൾ ഉപയോഗിക്കുന്നുവെന്ന് രോഗികൾ ഉറപ്പാക്കണം. രോഗികളുടെ അവകാശമാണിതെന്നും ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചില ആശുപത്രികളിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവുള്ളത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. സമീപകാലത്ത് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത നിപ വൈറസ് ബാധ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞത് ആരോഗ്യ സംവിധാനങ്ങളുടെ മികച്ച പ്രവർത്തനത്തിന്റെ ഫലമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
