കാൻസർ ചികിത്സയിൽ രോഗിയുടെ ശാരീരിക ആരോഗ്യത്തിനൊപ്പം മാനസികമായ ആശ്വാസത്തിനും ഏറെ പ്രാധാന്യമുണ്ട്. വേദന, സമ്മർദം തുടങ്ങിയ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും രോഗിക്ക് ആത്മവിശ്വാസം നൽകുന്നതിനും ആഹാരം, മാനസിക പിന്തുണ, വിവിധ തെറാപ്പികൾ എന്നിവയ്ക്ക് എങ്ങനെ സഹായിക്കാനാകുമെന്ന് വിവിധ മേഖലകളിലെ വിദഗ്ധർ ചേർന്ന് പരിശോധിക്കണം. ആയുർവേദത്തിലെ രസായന ചികിത്സ, ആഹാരക്രമം തുടങ്ങിയ സമീപനങ്ങൾ കാൻസർ പരിചരണത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും ശാസ്ത്രീയമായി വിലയിരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ആയുർവേദ പാരമ്പര്യത്തിൽ കേരളത്തിന് മികച്ച സ്ഥാനമാണുള്ളത്. ഉന്നത നിലവാരമുള്ള
ആശുപത്രികളും ചികിത്സാ സംവിധാനങ്ങളും സംസ്ഥാനത്തുണ്ട്. ഈ പാരമ്പര്യവും ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടങ്ങളും പരസ്പരം പൂരകമാകുന്ന തരത്തിൽ ഉപയോഗപ്പെടുത്തുന്നതിലൂടെ കാൻസർ പരിചരണ രംഗത്ത് കൂടുതൽ മികച്ച മാതൃകകൾ സൃഷ്ടിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
