സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾ, സർക്കാർ ആശുപത്രികൾ, ആരോഗ്യ വകുപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കണം. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യ വകുപ്പ് വാങ്ങിയ എല്ലാ മെഡിക്കൽ ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാങ്ങൽ, സ്ഥാപിക്കൽ, കമ്മീഷനിംഗ്, ഉപയോഗം, പരിപാലനം, നിലവിലെ അവസ്ഥ എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
പ്ലാൻ ഫണ്ട്, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന(പി.എം.എസ്.എസ്.വൈ), മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവ പ്രകാരം വാങ്ങിയതും കൊവിഡ് കാലത്ത് കേന്ദ്ര സർക്കാർ വിതരണം ചെയ്ത ഉപകരണങ്ങളെ കുറിച്ചും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യ വകുപ്പിൽ വിലകൂടിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൊവിഡ്ക്കാലത്ത് കേന്ദ്ര സർക്കാർ വിതരണം ചെയ്ത ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓട്ടോക്ലേവ് മെഷീനുകൾ, സോളാർ പവർ പ്ലാന്റുകൾ, ജനറേറ്ററുകൾ എന്നിവയും പ്ലാൻ ഫണ്ടിന് പുറമേ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഭാഗമായും വാങ്ങിയ വിലകൂടിയ മെഡിക്കൽ ഉപകരണങ്ങളിൽ പലതും സ്ഥാപിക്കാതെയും കമ്മീഷൻ ചെയ്യാതെയും കിടക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ കൃത്യമായി പരിപാലിക്കാത്തിനാൽ ഉപകരണങ്ങൾ പ്രവർത്തനരഹിതമായതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
