ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വയനാട് മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയതോടൊപ്പം കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള എൻഡിആർഎഫ് സംഘങ്ങൾക്കും അടിയന്തരമായി കള്ളാടിയിലേക്ക് തിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ ശേഖർ കുര്യാക്കോസിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വെള്ളം ഒഴുകിപ്പോകുന്നതിനുള്ള വഴി ക്രമീകരിക്കുന്നതിനായി സ്ഥലത്ത് തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് വിവരം. കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ അടിയന്തര പരിശോധന തുടരുകയാണ്. മുൻകൂർ നൽകിയ നിർദേശങ്ങളും മുന്നറിയിപ്പുകളും അവഗണിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ.
മഴക്കാലത്ത് ഇത്തരം മണ്ണ് നീക്കലും സംഭരണവും പൂർണമായി നിർത്തിവയ്ക്കണമെന്നും, അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഉടൻ മാറ്റണമെന്നും, അപകടസാധ്യത നേരിടുന്ന എട്ടോളം കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണമെന്നും ബന്ധപ്പെട്ടവർക്ക് നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. നിർദ്ദേശങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അവ നടപ്പാക്കാതിരുന്നതെന്ന് വിശദമായി പരിശോധിച്ച് ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
