സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ആധുനികവല്‍ക്കരിച്ച എൻഫോഴ്സ്മെന്റ് പദ്ധതിയായ ‘ഓപ്പറേഷൻ തണ്ടർ’ പുനരാരംഭിച്ചതായും മന്ത്രി പറഞ്ഞു. വ്യാജകള്ളിന്റെ ഉല്പാദനവും വിതരണവും തടയാൻ ‘ഓപ്പറേഷൻ ശുദ്ധി’ എന്ന പേരിൽ കർശന പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ അഴിമതി ഒഴിവാക്കാൻ സത്യസന്ധരായ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കും. ഘട്ടഘട്ടമായി മദ്യോപയോഗം കുറച്ചുകൊണ്ടുവരികയും ലഹരി പൂർണമായും ഇല്ലാതാക്കുകയുമാണ് സർക്കാരിന്റെ പ്രഖ്യാപിത നയം.
സർക്കാർ അധികാരമേറ്റ ശേഷം സംസ്ഥാനത്തുടനീളം നടത്തിയ ശക്തമായ പരിശോധനകളിൽ 14,722 കേസുകളാണ് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഇതുവരെ രജിസ്റ്റർ ചെയ്തത്. ഇതിൽ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട 1,422 എൻ.ഡി.പി.എസ് (NDPS) കേസുകളും, 2,292 അബ്കാരി കേസുകളും ഉൾപ്പെടുന്നു. പുകയില ഉല്‍പ്പന്നങ്ങളുടെ നിയമവിരുദ്ധ വില്‍പ്പനയുമായി ബന്ധപ്പെട്ട് 118 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന എക്സൈസ് സേനയെ കാലാനുസൃതമായി പരിഷ്കരിക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ബജറ്റിൽ പ്രത്യേക തുക അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന ലഹരിമരുന്നുകൾ വളരെപെട്ടെന്ന് ലബോറട്ടറി നിലവാരത്തിൽ തിരിച്ചറിയാൻ എല്ലാ എക്സൈസ് റേഞ്ച് ഓഫീസുകളിലും അത്യാധുനിക പരിശോധനാ കിറ്റുകൾ ലഭ്യമാക്കും. പരിശോധനാ ഫലങ്ങൾ വൈകുന്നത് ഒഴിവാക്കാൻ, കേരളത്തിലാദ്യമായി എക്സൈസ് വകുപ്പിന് മാത്രമായി സ്റ്റേറ്റ് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി കായംകുളത്ത് സ്ഥാപിക്കും. മയക്കുമരുന്ന് മാഫിയയുടെ ഇതരസംസ്ഥാന ശൃംഖലകൾ തകർക്കാൻ എക്സൈസിനുള്ളിൽ പ്രത്യേക നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കും. പൊതുജനസൗഹൃദ അന്തരീക്ഷവും ലഹരിവിരുദ്ധ കൗൺസിലിങ് സൗകര്യങ്ങളുമുള്ള മാതൃകാ ഓഫീസുകൾ സംസ്ഥാനത്തുടനീളം സ്ഥാപിക്കും.
