സംസ്ഥാനത്തെ യുവജനങ്ങൾ സർക്കാർ തൊഴിൽ അവസരങ്ങൾക്കായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങളിലെ എല്ലാ ഒഴിവുകളും യുദ്ധകാലാടിസ്ഥാനത്തിൽ ശേഖരിച്ച് കേരള പബ്ലിക് സർവീസ് കമ്മീഷന് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സമഗ്ര നടപടികൾ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഗണ്യമായ എണ്ണം സ്ഥിരം തസ്തികകൾ ഒഴിവായി കിടക്കുന്നുണ്ട്. ഇത്തരം ഒഴിവുകൾ സമയബന്ധിതമായി നികത്താത്തത് പൊതുസേവനങ്ങളുടെ ഗുണനിലവാരത്തെയും ഭരണ കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോടൊപ്പം സർക്കാർ ജോലിക്കായി വർഷങ്ങളായി തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് യുവജനങ്ങളുടെ പ്രതീക്ഷകളെയും നിരാശപ്പെടുത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു.
സർക്കാരിന്റെ തൊഴിൽസൗഹൃദ സമീപനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളിലെയും നിലവിലുള്ള ഒഴിവുകൾ, അടുത്തിടെ ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകൾ, നിയമപരമായ തടസ്സങ്ങളില്ലാത്ത തസ്തികകൾ എന്നിവയുടെ കൃത്യമായ വിവരശേഖരണം നടത്തി പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യും.

*സംസ്ഥാനത്തെ എല്ലാ സർക്കാർ ഒഴിവുകളും അടിയന്തരമായി പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യും