കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയുള്ള വിജിലൻസ് മാന്വൽ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ കരുത്തു പകരുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
2002-ന് ശേഷം ആദ്യമായാണ് വിജിലൻസ് മാന്വൽ സമഗ്രമായി പരിഷ്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അഴിമതിക്കെതിരായ ബോധവൽക്കരണവും സുതാര്യ ഭരണവും ലക്ഷ്യമിട്ട് കേരള വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ നടപ്പാക്കുന്ന ‘പ്രോജക്ട് സീറോ’ സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി പരിഷ്കരിച്ച വിജിലൻസ് മാന്വലിന്റെ പ്രകാശനവും വിവിധ സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ആഭ്യന്തര വിജിലൻസ് മേധാവിമാരുടെ അവലോകന യോഗവും തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഡിജിറ്റൽ യുഗത്തിൽ അഴിമതിയുടെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടായ സാഹചര്യത്തിൽ അന്വേഷണ നടപടിക്രമങ്ങളും കാലാനുസൃതമായി നവീകരിക്കേണ്ടത് അനിവാര്യമാണ്. ഡിജിറ്റൽ പണമിടപാടുകൾ ഉൾപ്പെടെയുള്ള ആധുനിക സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ മാന്വലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
