ഈ സർക്കാരിന്റെ ആദ്യ ബജറ്റ് അത്തരത്തിൽ മാറി ചിന്തിച്ച ഒന്നായിരുന്നു. ഇപ്പോൾ രാജ്യത്താദ്യമായി ബജറ്റ് നിർദേശങ്ങൾ പ്രാവർത്തികമാക്കാൻ ബന്ധപ്പെട്ട മേഖലകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി റൗണ്ട് ടേബിൾ കോൺഫറൻസ് സംഘടിപ്പിക്കുന്നു. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളുടെ സാമ്പത്തിക മോഡൽ, സമയഘടന എന്നിവ സർക്കാരിതര ഏജൻസികൾ കൂടി ചേർന്ന് തീരുമാനിക്കുന്ന ജനാധിപത്യ പ്രക്രിയയ്ക്കാണ് തുടക്കം കുറിച്ചത്.
വലിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ കേരളത്തിന് തടസ്സമാകുന്നത് സ്ഥല ലഭ്യതയാണെന്ന് മനസ്സിലാക്കി സർക്കാർ അസറ്റ് മാപ്പിങ് രജിസ്ട്രി തയ്യാറാക്കുകയാണ്. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾക്ക് സമീപം വലിയ തോതിൽ സ്ഥലം കണ്ടെത്താൻ നടപടികൾ ആരംഭിച്ചു. സർക്കാർ പണം മുടക്കി വിപണിയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഈ സർക്കാരിന്റെ നയം. ഈ സർക്കാർ അധികാരത്തിലേറിയ ശേഷം നാല് മാസം കൊണ്ട് നികുതി വരുമാനം 9000 കോടിയിലേക്ക് ഉയർന്നു.
സംസ്ഥാനത്തു നിന്നുള്ള പ്രതിഭാചോർച്ച നിയന്ത്രിക്കുക എന്നതാണ് വെല്ലുവിളി. ഇതിനായി ഗ്ലോബൽ വാച്ച് ടവർ സംവിധാനം ആരംഭിച്ചു. 12 തൊഴിൽ മേഖലകളിൽ ആഗോളതലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് ഗ്ലോബൽ വാച്ച് ടവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളേജുകളിൽ പുതിയ കോഴ്സുകൾ കൊണ്ടുവരും. മാരിടൈം, ലോജിസ്റ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ അക്കാദമിക് പ്രോഗ്രാമുകൾ തുടങ്ങും. കേരളത്തെ ഹയർ എഡ്യൂക്കേഷൻ ഹബ്ബാക്കി മാറ്റുന്നതിനായി നിയമഭേദഗതികൾ അടക്കം കൊണ്ട് വരികയാണ്. വ്യവസായങ്ങൾക്ക് ഏക അനുമതി നൽകുന്നതിനായി 19 നിയമ ഭേദഗതികൾ കൊണ്ട് വരുന്നു.
