എക്സൈസ് മന്ത്രിക്ക് ലഭിച്ച വാട്ട്സ്ആപ്പ് പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണർ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ അഴിമതി കണ്ടെത്തിയത്. തുടർന്ന് കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണം നടത്തിയ സംസ്ഥാന എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെ മന്ത്രി അഭിനന്ദിച്ചു. സംഭവത്തിൽ വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷം അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുന്നതിനായി തുടർ നടപടികൾ സ്വീകരിക്കും. സർക്കാരിന്റെ ഉത്തരവാദിത്തം ജനങ്ങളോടാണെന്നും അഴിമതി കണ്ടെത്തുന്നതിന് ആധുനികമായ ഡിജിറ്റൽ സംവിധാനങ്ങൾ അടക്കം ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മയക്കുമരുന്ന് പോലുള്ള സാമൂഹ്യ വിപത്തുകൾ വ്യാപിച്ചുവരുമ്പോൾ, അഴിമതിയില്ലാത്ത സേന എന്നത് അനിവാര്യമാണ്. മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവർ ഉന്നത ഉദ്യോഗസ്ഥരാണെങ്കിലും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുകയും ചെയ്യും. പരിശോധനകളും നടപടികളും സംസ്ഥാനത്തെ 14 ജില്ലകളിലേക്കും വ്യാപിപ്പിക്കും. ബാറുകളും കള്ളുഷാപ്പുകളും നടത്തുന്നവർ നിയമാനുസൃതമായി ബിസിനസ് നടത്തണമെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ പൊതുജനങ്ങൾ വിസിൽ ബ്ലോവേഴ്സായി മുന്നോട്ടുവരണം. വ്യാജമദ്യം വിൽക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പരിമിതമായ ജീവനക്കാരെ ഉപയോഗിച്ചാണ് എക്സൈസ് വകുപ്പ് ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ആഗസ്റ്റ് ഒന്ന് മുതൽ 31 വരെ നടത്തിയ ‘ഓണം സ്പെഷ്യൽ എൻഫോഴ്സ്മെൻറ് ഡ്രൈവ്’ വഴി വൻതോതിൽ മദ്യവും മയക്കുമരുന്നും പിടികൂടി. സ്പെഷ്യൽ ഡ്രൈവിൽ 2126 അബ്കാരി കേസുകളിൽ 1600 പ്രതികളെയും, 1086 എൻ.ഡി.പി.എസ് കേസുകളിലായി 993 പ്രതികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസുകളിലായി 8336 ലിറ്റർ സ്പിരിറ്റ്, 302.2 ലിറ്റർ ചാരായം, 5683 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 1202 ലിറ്റർ കള്ള്, 927 ലിറ്റർ അന്യ സംസ്ഥാന മദ്യം, 17048 ലിറ്റർ വാഷ്, 111.398 കി.ഗ്രാം ഗഞ്ചാവ്, 2444 കഞ്ചാവ് ചെടികൾ, 1126 ഗ്രാം കഞ്ചാവ് മിട്ടായി, 164.68 ഗ്രാം ഹാഷിഷ് ഓയിൽ, 666.8 ഗ്രാം എംഡിഎംഎ, 429.60 ഗ്രാം മെത്തംഫിറ്റമൈൻ, 96.09 ഗ്രാം ഹെറോയിൻ, 25.298 ഗ്രാം ബ്രൗൺ ഷുഗർ മുതലായവ പിടിച്ചെടുത്തു. 8445 കോട്പ കേസുകളിലായി 786.04 കിലോ ഗ്രാം പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്ത് 16,88,206/- രൂപ (പതിനാറ് ലക്ഷത്തി എൺപത്തിയെട്ടായിരത്തി ഇരുനൂറ്റി ആറ് രൂപ) പിഴയീടാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
