അറിവ് നിരന്തരം നവീകരിക്കുകയും അർപ്പണബോധത്തോടെ പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കുകയും ചെയ്ത് കേരളത്തിന്റെ വികസനത്തിനും നാടിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും വിദ്യാർഥികൾ വഴിവിളക്കാകണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ലിറ്റിൽ കൈറ്റ്സ് സംസ്ഥാന-ജില്ലാതല അവാർഡ് വിതരണച്ചടങ്ങ് നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളിൽ നിന്ന് മികച്ച പ്രവർത്തനത്തിലൂടെ ലിറ്റിൽ കൈറ്റ്സ് അവാർഡിന് അർഹരായവർ ഭാവിയുടെ മാതൃകകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്പ്യൂട്ടറിന്റെ വരവ് വലിയ ചർച്ചയായിരുന്ന കാലഘട്ടത്തിൽ തന്നെ ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് കൈപിടിച്ചുയർത്താനുള്ള കാഴ്ചപ്പാട് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി മുന്നോട്ടുവെച്ചതായും അദ്ദേഹം അനുസ്മരിച്ചു.
ഐടി മേഖല ഇന്ന് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇത് കമ്പ്യൂട്ടർ പഠനത്തിനപ്പുറം ഫ്യൂച്ചർ സ്റ്റഡീസ് എന്ന നിലയിൽ ഭാവി സാങ്കേതികവിദ്യകളുടെ ലോകമാണ്. കേരളത്തിൽ നിന്നുള്ള ഐടി വിദഗ്ധർ ലോകമെമ്പാടും, പ്രത്യേകിച്ച് സിലിക്കൺ വാലിയിലെ പ്രമുഖ സ്ഥാപനങ്ങളിലടക്കം നിർണായക ചുമതലകൾ വഹിക്കുന്നത് അഭിമാനകരമാണ്.
