സംസ്ഥാന രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ പൂർത്തിയാകുന്നതിന്റെ ഭാഗമായി കേരള സർക്കാർ സംഘടിപ്പിക്കുന്ന ‘ഫെസ്റ്റിവൽ ഓഫ് കേരളം 2026’ന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ബിപിപിആർ സെല്ലിന്റെ പോർട്ടലും ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ഭരണഭാഷാ പുരസ്കാര വിതരണവും നടക്കും.
മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമാ താരം ടൊവിനോ തോമസ് വിശിഷ്ടാതിഥിയാകും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, സി പി ജോൺ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക്, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, സാംസ്കാരിക മേഖലയിലെ വ്യക്തിത്വങ്ങൾ, കലാകാരർ, കായികതാരങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, കലാപാരമ്പര്യം, കായികനേട്ടങ്ങൾ, സാമൂഹിക പുരോഗതി എന്നിവ ആഘോഷിക്കുന്നതിനും കേരളീയതയുടെ സവിശേഷതകൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുമായാണ് ഫെസ്റ്റിവൽ ഒരുക്കുന്നത്. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ ആദ്യഘട്ടമായി ചെന്നൈ, ബെംഗളൂരു, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത നഗരങ്ങളിൽ ‘ഫെസ്റ്റിവൽ കേരള’ സംഘടിപ്പിക്കുന്നുണ്ട്.
