സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനും സർക്കാർ പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നുണ്ട്. മാതൃത്വത്തിന് ശേഷം തൊഴിൽരംഗത്തേക്ക് തിരിച്ചെത്താൻ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് ആവശ്യമായ പിന്തുണ നൽകും. പ്രസവാനന്തര ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. ഡിജിറ്റൽ ഇടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അധിക്ഷേപങ്ങളും തടയാൻ നിയമപരമായ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും താത്പര്യങ്ങൾ ഒരുപോലെ സംരക്ഷിക്കുന്ന തൊഴിൽ സൗഹൃദനയമാണ് സർക്കാരിന്റേതെന്നും മന്ത്രി വ്യക്തമാക്കി. തൊഴിൽ വകുപ്പിന്റെ ഇടപെടലിലൂടെ കഴിഞ്ഞ നാല് മാസത്തിനിടെ പത്തോളം പ്രധാന തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ സാധിച്ചു. പാൽ ഉത്പാദനത്തിൽ കേരളത്തെ സ്വയംപര്യാപ്തമാക്കുന്നതിനായി ക്ഷീരകർഷകർക്ക് പരമാവധി സഹായം നൽകുമെന്നും ‘മിൽമ’യെ ദേശീയ തലത്തിലേക്ക് ഉയർത്തുന്നതിനുള്ള വികസന പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം ലീല കോവളം ഹോട്ടലിൽ ഇന്ത്യ ടുഡെ സംഘടിപ്പിച്ച റൗണ്ട് ടേബിൾ കേരളം കോൺക്ലേവിൽ ‘വനിതാ പവർ’ സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
