വിദേശ രാജ്യങ്ങളിൽ നിന്നുള്ള സിലബസുകൾ ഇതിനായി പരിശോധിക്കും. മെഡിക്കൽ കോളജുകൾ, നഴ്സിംഗ് കോളജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാനാകും. കോഴ്സിന്റെ ഭാഗമായി ഇന്റേൺഷിപ്പ് സൗകര്യവും ഒരുക്കും. കൂടുതൽ തൊഴിൽ അവസരം ഇതുവഴി ലഭ്യമാകും.
ഇന്ത്യയിൽ ആദ്യമായി വയോജനങ്ങൾക്കായി വകുപ്പ് ആരംഭിച്ചത് സംസ്ഥാനത്താണ്. ജനസംഖ്യാ ഘടനയിൽ വലിയ മാറ്റം സംഭവിക്കുന്നു. ചെറുപ്പക്കാരുടെ അനുപാതം കുറയുമ്പോൾ മറുവശത്ത് വയോജനങ്ങൾ വർധിക്കുന്നു. അതിനാൽ വയോജന മേഖലയിലെ മാറ്റങ്ങളെക്കുറിച്ചും ഭാവിയെ കുറിച്ചും കൂടുതൽ ചിന്ത ആവശ്യമാണ്. വയോജനങ്ങളെ സഹായിക്കുന്നതിന് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും മറ്റ് സംഘടനകളും ചേർന്ന് ഒരു ത്രികക്ഷി സംവിധാനം ഒരുക്കും. വയോജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് കൃത്യമായ ഡാറ്റാബേസ് സംവിധാനം രൂപീകരിക്കും, തദ്ദേശ സ്ഥാപനങ്ങൾ വഴി ഈ ഡാറ്റ എളുപ്പത്തിൽ ശേഖരിക്കാനാകും. ഒരു പഞ്ചായത്ത് അംഗം തന്റെ വാർഡിൽ എത്ര പേർക്ക് പരിചരണം ആവശ്യമാണെന്ന് അറിഞ്ഞിരിക്കണം.
60-80 വയസുള്ള ആരോഗ്യമുള്ള വ്യക്തിക്ക് പല കാര്യങ്ങളിലും പ്രവർത്തിക്കാനാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്ന യുവജനങ്ങൾക്കായി ടെക്നോമെന്റർ അല്ലെങ്കിൽ മാനേജ്മെന്റ് മെന്റർ ആയി പ്രവർത്തിക്കാൻ വയോജനങ്ങൾക്കാകും. യുവജനങ്ങളെയും വയോജനങ്ങളെയും ഒന്നിപ്പിച്ച് സാമൂഹ്യ പുരോഗതിയിലേക്ക് നയിക്കണം. പാലിയേറ്റീവ് കെയർ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തും. ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുമായി സർക്കാർ സഹകരിക്കും. എല്ലാവരെയും ചേർത്തുപിടിക്കുന്ന സമീപനമാകും സർക്കാരിന്റേത്.
