പുതുയുഗകേരളം കെട്ടിപ്പടുക്കാനുള്ള യാത്രയിൽ പ്രഖ്യാപനങ്ങളെ യാഥാർഥ്യമാക്കാനുളള സുപ്രധാന ചുവടുവയ്പാണ് റീ ഇമാജിനിങ് കേരളം റൗണ്ട് ടേബിൾ കോൺഫറൻസെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റൗണ്ട് ടേബിൾ കോൺഫറൻസ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ബജറ്റിൽ പ്രഖ്യാപിച്ച സർക്കാരിന്റെ ഫ്ലാഗ്ഷിപ് വികസന പദ്ധതികൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനായി രുപരേഖ തയ്യാറാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ആറ് മാസത്തിനകം ഈ പദ്ധതികൾക്ക് വ്യക്തമായ രൂപം നൽകും. രണ്ട് വർഷത്തിനകം പദ്ധതികളെ ട്രാക്കിലേക്കെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള മോഡലിന്റെ പഴയ പ്രതാപത്തിൽ നിശ്ചലമായി കിടക്കുന്ന കേരളത്തെ പുതിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കണം. റെമിറ്റൻസ് ഇക്കോണമിയെന്ന നിലയിൽ നിന്ന് കേരളത്തെ ഇൻവെസ്റ്റ്മെന്റ് ഇക്കോണമിയാക്കി മാറ്റും. കോടികളുടെ നിക്ഷേപം മാത്രമല്ല, ഒരു ലക്ഷം രൂപ മുതലുള്ള നിക്ഷേപങ്ങളും ആകർഷിക്കാനുള്ള പദ്ധതികളും പ്രോത്സാഹിപ്പിക്കാൻ സാധിക്കണം. കേരളത്തെ നിക്ഷേപസൗഹൃദമാക്കുന്നതിനായി 19 നിയമങ്ങൾ ഭേദഗതി ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എത്ര പദ്ധതികൾ പ്രഖ്യാപിച്ചുവെന്നതല്ല, അതിൽ എത്രയെണ്ണം ഗുണമേന്മയോടെ, സമയബന്ധിതമായി നടപ്പാക്കി എന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളും കേന്ദ്രപദ്ധതികളിൽ നിന്ന് ഫണ്ട് സ്വീകരിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് മാറ്റം വരുത്തി എല്ലാ കേന്ദ്രപദ്ധതികളിൽ നിന്നും അർഹമായ വിഹിതം വാങ്ങിയെടുക്കാൻ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത മാതൃകയിൽ നിന്ന് മാറി ആസൂത്രണ ബോർഡിന്റേതടക്കം പ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
