സംസ്ഥാനത്തെ ഗിഗ് തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും വിശ്രമ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഗിഗ് തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് നടപ്പിലാക്കുന്ന പുതിയ ക്ഷേമപദ്ധതിയായ ‘ഗിഗോൺ’ വിശ്രമകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് വാൻറോസ് ജംഗ്ഷനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് ‘ഗിഗോൺ’ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ദിവസവും രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ രണ്ട് ഷിഫ്റ്റുകളിലായാണ് ഇവിടം പ്രവർത്തിക്കുക. ഓരോ ഷിഫ്റ്റിലും രണ്ട് ജീവനക്കാരെ വീതം മേൽനോട്ടത്തിനായി നിയോഗിച്ചിട്ടുണ്ട്. നൂറു ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്കായി ഒരു കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള കസേരകൾ, ശുചിമുറി, കുടിവെള്ളം, ഭക്ഷണം കഴിക്കാനുള്ള സൗകര്യം, വൈ ഫൈ, മൊബൈൽ ചാർജിങ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും പൂർണ്ണമായും സൗജന്യമായി ലഭ്യമാകും. അടുത്ത ഘട്ടത്തിൽ കൂടുതൽ ജില്ലകളിലേക്ക് ‘ഗിഗോൺ’ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
