ദുരിതബാധിത പ്രദേശങ്ങളിൽ ഫയർ ഫോഴ്സ് സംവിധാനങ്ങളേയും എൻഡിആർഎഫ് സംഘങ്ങളേയും രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ ചിലയിടങ്ങളിൽ മാത്രമാണ് വെള്ളം ഇറങ്ങാനുള്ളത്. രക്ഷാപ്രവർത്തനങ്ങൾക്കായി കൊല്ലത്തുനിന്ന് 14 ബോട്ടുകൾ ചെങ്ങന്നൂരിലെത്തിച്ചിട്ടുണ്ട്. ഒപ്പം രണ്ട് ഹെലികോപ്റ്ററുകൾ തിരുവനന്തപുരത്ത് സജ്ജമാക്കിയിട്ടുണ്ട്. പത്തനംതിട്ടയിലും കോട്ടയത്തുമായി മൂന്നു ടീമുകളെ വിന്യസിച്ചിട്ടുണ്ട്. രണ്ട് എൻഡിആർഎഫ് സംഘങ്ങളെ കൂടി ആരക്കോണത്തുനിന്ന് അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്റർ വഴി ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ഉദ്യോഗസ്ഥർ നിർദേശിക്കുമ്പോൾ ജനങ്ങൾ മാറിതാമസിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കായി പതിനായിരം രൂപ അടിയന്തരമായി അനുവദിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എസ്.ഡി.ആർ.എഫ്, സി.എം.ഡി.ആർ.എഫ്, പി.എം.എൻ.ആർ.എഫ് എന്നിവയിൽ നിന്നായി ആകെ 8 ലക്ഷം രൂപ ധനസഹായം ലഭിക്കും. വീട് ശുചീകരണത്തിനായി ക്യാമ്പുകളിൽ നിന്ന് മടങ്ങുന്നവർക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകും. ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്ക് ഒരു റേഷൻ കാർഡിലെ രണ്ടുപേർക്ക് 300 രൂപ വീതം സഹായം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥലം വാങ്ങി വീട് വയ്ക്കാനുള്ള സഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷം രൂപയായും വീട് പൂർണമായും നഷ്ടപ്പെട്ടവർക്കുള്ള സഹായം 4 ലക്ഷത്തിൽ നിന്ന് 6 ലക്ഷം രൂപയായും വർധിപ്പിച്ചു.
വലിയ അണക്കെട്ടുകളിൽ ജലനിരപ്പ് വളരെ താഴെയാണ്. മൂഴിയാറിൽ മാത്രമാണ് നിലവിൽ ചെറിയ പ്രശ്നമുള്ളത്. ഇടുക്കിയിൽ 38.91 ശതമാനവും ഇടമലയാറിൽ 46.64 ശതമാനവുമാണ് നിലവിലെ ജലനിരപ്പ്. ചെറിയ അണക്കെട്ടുകൾ തുറക്കുന്നത് ജില്ലാ കളക്ടർമാരുടെ അനുമതിയോടെ മാത്രമായിരിക്കും. ഡാമുകൾ തുറന്നുവിടുന്നു എന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
