വനം വകുപ്പ് ചെയ്യുന്ന നല്ല കാര്യങ്ങൾ പൊതു സമൂഹത്തിൽ തമസ്കരിക്കപ്പെടുന്നു. എന്നാൽ കഴിഞ്ഞ ആറു മാസം കൊണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ വന്ന മാറ്റം വലുതാണ്. ഇത് ജനങ്ങൾക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ അങ്കണവാടിയിലെത്താലുള്ള യാത്രാക്ലേശം ശ്രദ്ധയിൽ പെട്ടപ്പോൾ രണ്ടു ദിവസത്തിനകം അതിന് പരിഹാരം കാണാനും അവർക്കായി വാഹന സൗകര്യം ഒരുക്കാനും വനം വകുപ്പിന് കഴിഞ്ഞു. ആദിവാസി ഉന്നതികളിൽ പി.എസ്.സി കോച്ചിംഗ് സെന്ററുകൾ ആരംഭിക്കണമെന്ന ആവശ്യത്തിനും പിറ്റേന്ന് തന്നെ പരിഹാരമുണ്ടാക്കാൻ വനം വകുപ്പിന് കഴിഞ്ഞു. ഇക്കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ എട്ടോളം വനമേഖലകൾ സന്ദർശിക്കുകയും 15 ഓളം ആദിവാസി സമൂഹങ്ങളുമായി സംസാരിക്കുകയും ചെയ്തു. ഓരോ ഇടത്തും വനംവകുപ്പ് നൽകുന്ന പിന്തുണ ഇവർ ഊന്നി പറയുന്നത് ഏറെ അഭിമാനം നൽകുന്നു. വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ മലയോര കർഷകരെ വിശ്വാസത്തിലെടുത്തായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരിയിൽ സംസ്ഥാനത്തു നടക്കുന്ന അന്താരാഷ്ട്ര നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ നേച്ചർ സെലിബ്രേഷന് സംസ്ഥാനം സാക്ഷ്യം വഹിക്കുകയാണ്. നമ്മുടെ സവിശേഷമായ സംയോജിത വനസംരക്ഷണ രീതികൾ ഇതിലൂടെ ലോകശ്രദ്ധ ആകർഷിക്കും.
വീടുകളിലെ കാർബൺ എമിഷൻ കണ്ടെത്തുന്നതിന് പാലക്കാട് ശ്രീകൃഷ്ണപുരത്തെ സെന്റ് ഡൊമനിക്സ് കോൺവെന്റ് സ്കൂളിൽ വികസിപ്പിച്ച് നടപ്പാക്കിവരുന്ന ഡാഷ് ബോർഡ് നല്ല മാതൃകയാണ്. ഇത് വനം വകുപ്പ് ഏറ്റെടുത്ത് എല്ലാ സ്കൂളികളിലും വ്യാപിപ്പിക്കും. നയരൂപീകരണത്തിൽ ഫീൽഡിലുള്ള ഉദ്യോഗസ്ഥരുടെ പ്രായോഗിക അറിവുകൾ ഏറെ പ്രധാനമാണ്. ഫീൽഡ് ഉദ്യോഗസ്ഥരും വിഷയ വിദഗ്ധരും ഒന്നിച്ച് വനത്തിന്റെ സംരക്ഷണവും സുസ്ഥിര മൂല്യ വർദ്ധിത ഉപയോഗവും ഇക്കോ ടൂറിസത്തിലൂടെ പ്രീമിയം ബയോ ഡൈവേഴ്സിറ്റി എക്സ്പീരിയൻസും എങ്ങനെ സാധ്യമാക്കാം എന്ന് ഈ കാൺക്ലേവിൽ രൂപരേഖ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
