പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന് നടൻ നിവിൻ പോളി പറഞ്ഞു. തന്റെ ആദ്യകാല സ്കിറ്റിലെ ഡയലോഗാണിതെന്ന് വ്യക്തമാക്കിയ നിവിൻ അഴിമതിക്കെതിരായ പോരാട്ടം സ്കൂളുകളിലും കോളേജുകളിലും നിന്നു തന്നെ ആരംഭിക്കണമെന്ന് അഭിപ്രായപ്പെട്ടു.
സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രോജക്ട് സീറോ – വിജിലൻസ് കമാൻഡോ യുവജന ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നിവിൻ പോളിയെ വിജിലൻസ് കമാൻഡോ ബാഡ്ജ് അണിയിച്ച് സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ ആയി മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.
അഴിമതിയില്ലാതെ ധൈര്യത്തോടെ മുന്നേറാൻ കഴിയുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ വലിയ ചുവടുവെപ്പാണ് പ്രോജക്ട് സീറോ. പുതിയ തലമുറയ്ക്ക് പ്രതീക്ഷ നൽകുന്ന പദ്ധതിയാണിതെന്നും അതിൽ പങ്കാളിയാവുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും നിവിൻ പറഞ്ഞു. തന്റെ ‘ആക്ഷൻ ഹീറോ ബിജു’ സിനിമയിലെ നിയമപ്രകാരം പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ അനുസ്മരിച്ച അദ്ദേഹം, നിയമത്തിലുള്ള വിശ്വാസമാണ് ഒരു സമൂഹത്തിന്റെ അടിത്തറയെന്നും ആ വിശ്വാസം നഷ്ടപ്പെട്ടാൽ സമൂഹം തകർച്ചയിലേക്ക് നീങ്ങുമെന്നും പറഞ്ഞു.
