നിയമസഭാ നടപടിക്രമങ്ങൾ ആഴത്തിൽ പഠിച്ച് പൊതുപ്രശ്നങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാൻ സാമാജികർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പതിനാറാം കേരള നിയമസഭയിലെ അംഗങ്ങൾക്കായുള്ള ഓറിയന്റേഷൻ പരിപാടിയുടെ ഉദ്ഘാടനം നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ നിയമസഭ പ്രവർത്തിക്കുന്നത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജീവിതത്തിൽ ലഭിച്ച സുപ്രധാന ഉത്തരവാദിത്തമാണ് നിയമസഭാ സാമാജികത്വം. വിവിധ തലങ്ങളിലുള്ള ജനങ്ങളുമായി നിരന്തരം സംവദിക്കുന്ന സാമാജികർക്ക് പൊതുപ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും അവയ്ക്ക് പരിഹാരം കണ്ടെത്താനും കഴിയണം.
ഭരണഘടനയുടെ ആർട്ടിക്കിൾ 208 പ്രകാരമാണ് നിയമസഭയുടെ പ്രവർത്തനം നടക്കുന്നത്. ഇതിനായി 314 ചട്ടങ്ങൾ ഉൾക്കൊള്ളുന്ന റൂൾസ് ഓഫ് പ്രൊസീജിയർ നിലവിലുണ്ട്. നിയമസഭാ നടപടിക്രമങ്ങളെക്കുറിച്ച് സാമാജികർ വ്യക്തമായ ധാരണ നേടേണ്ടതുണ്ട്. ചോദ്യോത്തരവേളയിലെ നടപടിക്രമങ്ങൾ, ശൂന്യവേളയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കാനുള്ള അവസരം, നോട്ടീസ് നൽകിയ അംഗം വിഷയം അവതരിപ്പിക്കുകയും ബന്ധപ്പെട്ട മന്ത്രി മറുപടി നൽകുകയും ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ ധാരണ സാമാജികർക്കുണ്ടാകണം. വാക്ക് ഔട്ട് പ്രതീകാത്മക പ്രതിഷേധമാണെന്നും തുടർന്ന് സഭാ പ്രവർത്തനങ്ങളിൽ അംഗങ്ങൾ പങ്കെടുക്കുന്നതുമടക്കമുള്ള കീഴ്വഴക്കങ്ങൾ മുഖ്യമന്ത്രി ശ്രദ്ധയിൽപ്പെടുത്തി.
