2026 ഫിഫ ഫുട്ബോൾ വേൾഡ് കപ്പിനോടനുബന്ധിച്ച് കായിക-യുവജനകാര്യ വകുപ്പും തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ട്രൈയോണ്ട 2026’ വേൾഡ് കപ്പ് ഫാൻസ് ഷോയും ഫുട്ബോൾ പ്രദർശന മത്സരവും കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.
കാൽപന്തുകളി പോലെ വേഗതയുടെ താളമുള്ള മറ്റൊരു കളിയും ലോകത്തില്ലെന്നും ഏവർക്കും ആവേശം നൽകുന്ന കായികവിനോദമാണ് ഫുട്ബോളെന്നും മന്ത്രി ഒ. ജെ. ജനീഷ് പറഞ്ഞു. മെസ്സിയെപ്പോലെയുള്ള ലോകോത്തര താരങ്ങൾ കേരളത്തിൽ നിന്നും വളർന്നുവരണം. ഇന്ത്യയിൽ ഫുട്ബോൾ ഏറ്റവും ആവേശത്തോടെ ഏറ്റെടുക്കുന്നത് മലയാളികളാണെന്നും മന്ത്രി പറഞ്ഞു.
ഭാവിയിൽ ഇന്ത്യ ലോകകപ്പിൽ കളിക്കുന്ന അവസരം വരുമ്പോൾ ദേശീയ ടീമിൽ പകുതിയിലധികവും മലയാളികൾ ആയിരിക്കണം എന്നാണ് തന്റെ ആഗ്രഹം. പത്തു വർഷങ്ങൾ കഴിയുമ്പോൾ രാജ്യത്തിന് അഭിമാനമാകുന്ന മികച്ച താരങ്ങളെ കേരളത്തിൽ നിന്ന് വാർത്തെടുക്കുക എന്നതാണ് കേരളം ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
