സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ അപ്രതീക്ഷിതവും തീവ്രവുമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കർഷകർക്ക് പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് വേഗത്തിൽ സഹായവും മാർഗനിർദേശവും ലഭ്യമാക്കുന്നതിനായി ഡയറക്ടറേറ്റിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രത്യേക ഹെൽപ്പ് ലൈൻ സംവിധാനവും സംസ്ഥാനതല നിരീക്ഷണ കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു. കേന്ദ്രികൃത നിരീക്ഷണ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ നിർവഹിച്ചു. കർഷകരുടെ പരാതികളും സംശയങ്ങളും അടിയന്തരമായി പരിഗണിച്ച് ആവശ്യമായ ഇടപെടലുകൾ ഉറപ്പാക്കുന്നതിനുള്ള ഈ സംവിധാനം കർഷക സമൂഹത്തിന് വലിയ ആശ്വാസമാകുമെന്ന് മന്ത്രി പറഞ്ഞു.
ഇതിനോടനുബന്ധിച്ച്, എയിംസ് (AIMS) പോർട്ടൽ മുഖേന കർഷകർ സമർപ്പിക്കുന്ന അപേക്ഷകളുടെയും നഷ്ടപരിഹാര നടപടികളുടെയും പുരോഗതി തത്സമയം നിരീക്ഷിക്കാൻ കഴിയുന്ന ഡാറ്റാബേസും സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൃഷിനാശ റിപ്പോർട്ടുകൾ, അപേക്ഷകളുടെ നില, നഷ്ടപരിഹാര വിതരണ പുരോഗതി തുടങ്ങിയ വിവരങ്ങൾ ഇനി മുതൽ സംസ്ഥാന തലത്തിൽ നേരിട്ട് വിലയിരുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും സാധിക്കും.
കോഴിക്കോട് ജില്ലയിലെ കാവിലുംപാറ, മരുതോങ്കര എന്നിവിടങ്ങളിൽ ഉണ്ടായ കൃഷിനാശനഷ്ടത്തിന് അടിയന്തിരമായി നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. പ്രകൃതിക്ഷോഭം, രോഗ-കീടബാധ, വന്യജീവി ആക്രമണം തുടങ്ങിയ കാരണങ്ങളാൽ കൃഷിനാശം നേരിടുന്ന കർഷകർക്ക് കൈത്താങ്ങാകുന്ന സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയും പ്രകൃതിക്ഷോഭ നഷ്ടപരിഹാര സംവിധാനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ സജ്ജീകരണങ്ങൾ ലക്ഷ്യമിടുന്നത്. നിലവിൽ പ്രകൃതിക്ഷോഭം/ വിള ഇൻഷുറൻസ് പദ്ധതി ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കാലവിളംബം നേരിട്ടിരുന്നു. അത് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൃഷി വകുപ്പ് ഇത്തരത്തിൽ ഒരു സംവിധാനം ഏർപ്പെടുത്തിയത്.
