വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും ഫയലുകളുടെ കാലതാമസവും മൂലം പദ്ധതികളടക്കം നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. വിവിധ വകുപ്പുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ചീഫ് സെക്രട്ടറിയുടെ ഓഫീസിലും ഫയലുകളുടെയും പദ്ധതികളുടെയും നിലവിലെ സ്ഥിതി തത്സമയം വിലയിരുത്താൻ കഴിയുന്ന സംവിധാനം ഒരുക്കും. പ്രോജക്ട് മാപ്പിംഗ്, പ്രോജക്ട് പ്രോട്ടോക്കോൾ എന്നിവ ഉറപ്പാക്കി ഫയൽ നീക്കം വേഗത്തിലാക്കും.
പദ്ധതികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുന്നതിനും പദ്ധതിനടത്തിപ്പിലെ കാലതാമസം മൂലമുള്ള സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനും ഇത് സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2027-ലെ പത്മപുരസ്കാരങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ നാമനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പോലീസ് വാഹനമിടിച്ച് മരിച്ച സ്കൂൾ വിദ്യാർഥി ജിനിരാജിന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കാനും മന്ത്രിസഭ അംഗീകാരം നൽകി.
കേരള ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിച്ചു. ധനകാര്യം, റെയിൽവേ, പരിസ്ഥിതി എന്നീ മേഖലകളിലെ വിദഗ്ധരും ട്രാൻസ്പോർട്ട് സെക്രട്ടറിയും ഉൾപ്പെട്ട സമിതിയാണ് റിപ്പോർട്ട് പരിശോധിച്ചത്. പദ്ധതിക്കാവശ്യമായ ഭൂമിയുടെ ലഭ്യത, യാത്രക്കാരുടെ സാധ്യത, സാമ്പത്തിക സാധുത എന്നിവ സംബന്ധിച്ച സമഗ്ര വിവരങ്ങൾ നിലവിലെ റിപ്പോർട്ടിലില്ലെന്നും ഇത് പൂർണമായ റിപ്പോർട്ടല്ലെന്നും സമിതി വിലയിരുത്തി. പാരിസ്ഥിതികവും സാമൂഹികവുമായ ആഘാത പഠനങ്ങൾ നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
