സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രഗത്ഭരായ ഡോക്ടർമാർ, ആരോഗ്യവിദഗ്ധർ, വിവിധ അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി സമഗ്രമായ സമിതിയായിരിക്കും ഇത്. പകർച്ചവ്യാധി നിയന്ത്രണത്തിന് ആരോഗ്യവകുപ്പിന്റെ മാത്രം ഇടപെടൽ മതിയാകില്ലെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഭക്ഷ്യസുരക്ഷാ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, സ്വകാര്യ ആരോഗ്യ മേഖല തുടങ്ങിയവയുടെ ഏകോപിത പങ്കാളിത്തം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ മേഖലയിലെ വിദഗ്ധർക്കൊപ്പം സ്വകാര്യ മേഖലയിലെ ഡോക്ടർമാർ, ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികൾ, ഏക ആരോഗ്യ (One Health) മേഖലയിലെ വിദഗ്ധർ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, ആയുഷ് വകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ എന്നിവരും സമിതിയിൽ അംഗങ്ങളായിരിക്കും. കേരളത്തിൽ നിപ രോഗബാധ തിരിച്ചറിഞ്ഞ സ്വകാര്യ മേഖലയിലെ ഡോക്ടറെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിനായി വാർഷിക എപിഡെമിക് കലണ്ടർ (Epidemic Calendar) തയ്യാറാക്കി ഓരോ സീസണിലും ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളെ മുൻകൂട്ടി കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക, രോഗവ്യാപന രീതികളെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്തുക, രോഗങ്ങളെ നേരത്തേ തിരിച്ചറിയുന്നതിനുള്ള ജാഗ്രതാ-നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
