സംസ്ഥാനത്ത് പുതിയ ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം ആദ്യമായാണ് ഇത്തരത്തിൽ എം പിമാരുടെ ഔദ്യോഗിക യോഗം വിളിച്ചുചേർക്കുന്നത്. പാർലമെന്റ് സമ്മേളനത്തിന് മുൻപ് സംസ്ഥാനത്തിന്റെ മുൻഗണനാവിഷയങ്ങൾ തയ്യാറാക്കി എം പിമാരുടെ മുന്നിൽ അവതരിപ്പിക്കുക എന്ന പതിവ് രീതിയുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. പാർലമെന്റിനകത്തും പുറത്തും കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഒരുമിച്ചും ഒറ്റയ്ക്കും സംസാരിച്ച്, അതത് നിയോജകമണ്ഡലങ്ങളിലെ ആവശ്യങ്ങൾക്കൊപ്പം കേരളത്തിന്റെ പൊതുവായ താത്പര്യങ്ങൾ കൂടി ഉയർത്തിപ്പിടിച്ച് കാര്യങ്ങൾ നേടിയെടുക്കാൻ എം പിമാർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അഭ്യർഥിച്ചു.
കേരളം ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിലാണ്. കേരളത്തിൽ ഇപ്പോൾ വലിയ തരത്തിലുള്ള ഡെമോഗ്രാഫിക് മാറ്റങ്ങളാണ് നടക്കുന്നത്. യുവജനങ്ങളുടെ എണ്ണം കുറയുകയും പ്രായമേറിയവരുടെ സംഖ്യ വലുതായി വരികയുമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ ഉയർന്ന ആയുർദൈർഘ്യമാണ് ഇതിന് പ്രധാന കാരണം. സംസ്ഥാനത്തിന്റെ ഇക്കോണമിയെയും പദ്ധതികളെയും ബാധിക്കുന്ന ഈ വിഷയം മുൻനിർത്തിയാണ് ഇന്ത്യയിലാദ്യമായി മുതിർന്ന പൗരന്മാർക്ക് വേണ്ടി ഒരു പ്രത്യേക വകുപ്പ് കേരളത്തിൽ രൂപീകരിച്ചത്. ഇതൊരു വെൽഫെയർ പ്രോജക്റ്റ് മാത്രമല്ലെന്നും മുതിർന്ന പൗരന്മാരെ വീടിനകത്ത് ഒതുക്കാതെ സംസ്ഥാനത്തിന്റെ വികസനത്തിൽ സജീവ പങ്കാളികളാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വലിയ സ്വപ്നങ്ങളായ പ്രധാന കാര്യങ്ങൾ മുഖ്യമന്ത്രി അവതരിപ്പിച്ചു. രണ്ട് രാജ്യാന്തര തുറമുഖങ്ങളും ഒരു കണ്ടെയ്നർ ടെർമിനലും 17 മിനി തുറമുഖങ്ങളും 600 കിലോമീറ്റർ കടൽത്തീരവുമുള്ള കേരളത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മുഴുവൻ സംസ്ഥാനത്തെയും ഒരു തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും എന്നതാണ് ഒന്നാമത്തെ കാര്യം. നാല് രാജ്യാന്തര വിമാനത്താവളങ്ങളെ പരസ്പരം ഇന്റഗ്രേറ്റ് ചെയ്ത് 27 ഓളം ഏവിയേഷൻ പ്രോജക്ടുകൾ ഗവൺമെന്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അതിലേക്ക് സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
