കാടുകൾക്ക് ഉൾക്കൊള്ളാവുന്ന മൃഗങ്ങളുടെ കണക്കിനെ സംബന്ധിച്ച പഠനം അനിവാര്യമാണ്. മൂന്നാർ അടക്കമുള്ള വനാതിർത്തി പങ്കിടുന്ന വിനോദസഞ്ചാര മേഖലയിലെ വർധിച്ച തിരക്ക് നിയന്ത്രിക്കപ്പെടണം. ഇവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ വാഹനങ്ങൾക്ക് പാസ് നൽകുന്നത് കാര്യം പരിഗണിക്കേണ്ടതുണ്ട്.
വനസംരക്ഷണത്തിനും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുമായി സമഗ്രമായ പുതിയ വന മാനേജ്മെന്റ് നയം സർക്കാർ ഉടൻ പ്രഖ്യാപിക്കും. വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനൊപ്പം വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകൾക്കും പ്രാധാന്യം നൽകുന്ന സമീപനമായിരിക്കും സർക്കാർ സ്വീകരിക്കുക. ഉരുൾപൊട്ടലുകൾ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെത്തുടർന്ന് തകർന്ന ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിനും സർക്കാർ മുൻഗണന നൽകും. മേപ്പാടി, നിലമ്പൂർ മേഖലകളിൽ ആനയുമായുള്ള സംഘർഷം വർധിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്നായി ആനത്താരകളുടെ നാശം കണ്ടെത്തിയിട്ടുണ്ട്.
ചക്കയുടെ മണം ആകർഷിച്ച് ആനകൾ ജനവാസ മേഖലകളിലേക്ക് എത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ചക്ക വിളയുന്നതിന് മുൻപുതന്നെ കർഷകരിൽ നിന്ന് വനം വകുപ്പ് വിലകൊടുത്ത് ചക്ക വാങ്ങുന്ന പദ്ധതി നടപ്പാക്കും. കൃഷി വകുപ്പിന്റെയും പ്രാദേശിക ജാഗ്രതാ സമിതികളുടെയും സഹകരണത്തോടെയായിരിക്കും പദ്ധതി മുന്നോട്ട് കൊണ്ടുപോകുക.
