സെൻസസ് 2027ന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് കേരളത്തിൽ തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി വി ഡി സതീശനും സെൽഫ് എന്യൂമറേഷൻ നിർവഹിച്ചതോടെയാണ് സംസ്ഥാനത്തെ സെൽഫ് എന്യൂമറേഷൻ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായത്.
ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സെൻസസ് പോർട്ടൽ (https://se.census.gov.in/) വഴി വിവരങ്ങൾ സമർപ്പിച്ച് സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. തുടർന്ന് മാസ്ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി വി ഡി സതീശനും സെൽഫ് എന്യൂമറേഷൻ നടപടിക്രമങ്ങൾ നിർവഹിച്ചു.
2027 ലെ ഡിജിറ്റൽ സെൻസസിലൂടെ രാജ്യം സുപ്രധാനമായ നേട്ടത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും സെൻസസ് നടപടികളുമായി സംസ്ഥാനത്തെ എല്ലാവരും സഹകരിക്കണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭ്യർഥിച്ചു. സെൻസസിലൂടെ ജനങ്ങളുടെ വീട്, തൊഴിൽ, ബിസിനസ്സ്, ജീവിതനിലവാരം തുടങ്ങിയ വിവരങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ജനങ്ങൾക്ക് പ്രയോജനകരമാകുന്ന പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാരിന് സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി പൂർണമായി ഡിജിറ്റൽ സംവിധാനത്തിലൂടെ നടപ്പിലാക്കുന്ന 2027 സെൻസസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാരെയും ഗവർണർ അഭിനന്ദിച്ചു.
