കേരളം പ്രകൃതിസമ്പത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും നാടായിരുന്നുവെങ്കിലും ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോൾ സംസ്ഥാനത്തും വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നഗരങ്ങളിലെ താപനിലയിലെ വർധന, ഹരിത ഇടങ്ങളുടെ കുറവ്, മഴയുടെ വ്യതിയാനം, വായു മലിനീകരണം തുടങ്ങിയവ സമൂഹത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
കേരളം ഭൂവിസ്തൃതി കുറവുള്ളതും ജനസാന്ദ്രത കൂടുതലുള്ളതുമായ സംസ്ഥാനമാണ്. നഗരവൽക്കരണത്തിന്റെ ഭാഗമായി റോഡുകളും കെട്ടിടങ്ങളും വ്യാപകമാകുമ്പോൾ പരിസ്ഥിതി സംരക്ഷണം കൂടുതൽ വെല്ലുവിളിയാകുന്നുണ്ട്. പ്രത്യേകിച്ച് തിരുവനന്തപുരം പോലുള്ള തലസ്ഥാന നഗരത്തിൽ ജൈവവൈവിധ്യ സംരക്ഷണത്തിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും കൃത്യമായ പഠനങ്ങളും വിലയിരുത്തലുകളും അനിവാര്യമാണ്.
പരിസ്ഥിതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാതെ സംരക്ഷണ പ്രവർത്തനങ്ങൾ ഫലപ്രദമാകില്ല. അതിനാലാണ് തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യ അവസ്ഥ ശാസ്ത്രീയമായി പഠിച്ച് രേഖപ്പെടുത്തുന്നതിനുള്ള സിറ്റി ബയോഡൈവേഴ്സിറ്റി ഇൻഡക്സ് പദ്ധതി ആരംഭിക്കുന്നത്.
