സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഒരു ഔദാര്യമല്ലെന്നും സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ജനക്ഷേമ ഇടപെടലാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ആദ്യ പൊതുഗതാഗത സർവീസിന് ഫ്ലാഗ് ഓഫ് ചെയ്ത ചരിത്രപ്രാധാന്യമുള്ള വേദിയിലാണ് പ്രിയദർശിനി പദ്ധതിക്കും തുടക്കമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1965ൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ രൂപീകരിച്ചതിന് ശേഷം പൊതുഗതാഗത മേഖല പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.
സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റമാണ് പദ്ധതിയിലൂടെ ഉണ്ടാകുക മത്സ്യത്തൊഴിലാളികൾ, വീടുകളിൽ ജോലിക്കെത്തുന്ന തൊഴിലാളികൾ, വിദ്യാർഥികൾ, ജീവനക്കാർ, ആശുപത്രികളിലേക്കും സർക്കാർ ഓഫീസുകളിലേക്കും ബാങ്കുകളിലേക്കും യാത്ര ചെയ്യുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കുമടക്കം പദ്ധതി ഗുണകരമാകും.
