സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കും. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ രാവിലെ 8.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായാണ് ‘പ്രിയദർശിനി’ നടപ്പാക്കുന്നത്. 2026 ജൂൺ 10-ലെ മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി.യുടെ 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര ലഭ്യമാകും. വരുമാനപരിധിയോ സാമൂഹിക പദവിയോ ഉൾപ്പെടെ യാതൊരു മാനദണ്ഡവും ബാധകമല്ല. പ്രത്യേക രജിസ്ട്രേഷനോ രേഖകളോ ആവശ്യമില്ല. യാത്രയ്ക്കിടെ കണ്ടക്ടറിൽ നിന്ന് ‘സീറോ ടിക്കറ്റ്’ അല്ലെങ്കിൽ ‘പ്രിയദർശിനി’ ടിക്കറ്റ് കൈപ്പറ്റിയാൽ മതിയാകും. ഇതുവഴി ഓരോ യാത്രയുടെയും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുകയും സുതാര്യമായ കണക്കെടുപ്പ് ഉറപ്പാക്കുകയും ചെയ്യും. പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്നും ആവശ്യമായ തുക സർക്കാർ ഗ്രാന്റായി അനുവദിക്കുകയും ചെയ്യും.
സ്ത്രീകളുടെ യാത്രാച്ചെലവ് കുറയുന്നതിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയുകയും സ്ത്രീകളുടെ ധനമിച്ചം വർധിക്കുകയും ചെയ്യുമെന്ന് സർക്കാർ വിലയിരുത്തുന്നു. യാത്രാച്ചെലവെന്ന തടസ്സം നീങ്ങുന്നതോടെ സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം, വിദ്യാഭ്യാസ-സംരംഭക പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ സജീവമാകുമെന്നും പ്രതീക്ഷിക്കുന്നു.
