തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനും മഴക്കാലവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി സെക്രട്ടറിയേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ എന്നിവർ സംയുക്തമായി വിളിച്ചുചേർത്ത വകുപ്പ് മേധാവികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനങ്ങൾ ഉണ്ടായത്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി. വി. രാജേഷ്, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ പങ്കെടുത്തു.
നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് യോഗം നിർദേശിച്ചു. നിലവിൽ കുടിവെള്ളം ലഭിക്കാത്ത സ്ഥലങ്ങളിൽ അടിയന്തിരമായി ജലലഭ്യത ഉറപ്പാക്കും. ഭാവിയിലെ വെല്ലുവിളികൾ കൂടി മുന്നിൽ കണ്ട് വാട്ടർ അതോറിറ്റി ശാശ്വത പരിഹാര പദ്ധതികൾ തയ്യാറാക്കണമെന്നും മന്ത്രിമാർ നിർദേശിച്ചു. ലീക്കേജ് കുറയ്ക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി ജല വിതരണത്തിലെ പ്രസരണ നഷ്ടം പരമാവധി കുറക്കണം. കുടിവെള്ള ലഭ്യത കുറവുള്ള സാഹചര്യങ്ങളിൽ കോർപ്പറേഷനും വാട്ടർ അതോറിറ്റിയും ചേർന്ന് സംയുക്തമായി ജലവിതരണം ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ജനപ്രതിനിധികളിലൂടെയും മാധ്യമങ്ങളിലൂടെയും സമയ ബന്ധിതമായി നൽകും.
കഴക്കൂട്ടമടക്കമുള്ള പ്രദേശങ്ങളിൽ ഐടി കമ്പനികളുമായി സഹകരിച്ച് പ്രത്യേക ജലസേചന പദ്ധതി ആരംഭിക്കുന്നത് പരിഗണിക്കും. ഐടി കമ്പനികളുടെ സഹകരണത്തോടെ മഴവെള്ള ശേഖരണ സംവിധാനം പ്രോത്സാഹിപ്പിക്കും. നിലവിലെ പേപ്പാറ ഡാമിന്റെ ശേഷി പരമാവധി ഉപയോഗിക്കുന്നതിനെ കുറിച്ചു ചർച്ച നടത്തും.
