സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയായിരുന്നു മന്ത്രി.
വാഹനങ്ങളുടെ ഫിറ്റ്നസ്സ് പരിശോധനക്കായി ഓരോ ജില്ലയിലും ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത, ഔട്ട്സോഴ്സ് പിൻതുണയുളള രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുന്നത്. വാഹന ഫിറ്റ്നസ് പരിശോധനയിൽ പരമ്പരാഗത രീതികൾക്ക് പകരം മെഷീൻ അധിഷ്ഠിത സംവിധാനങ്ങളിലേക്കാണ് മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ആധുനികവൽക്കരണത്തിന്റെയും ഓട്ടോമേഷന്റെയും നിർണായക ഘട്ടത്തിലാണ് പുതിയ തലമുറ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സേവനത്തിലേക്ക് കടക്കുന്നത്. രാജ്യത്ത് കമ്പ്യൂട്ടർവൽക്കരണം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ ഒന്നായ കേരളം വികസിപ്പിച്ച സ്മാർട്ട് മൂവ് ആപ്ലിക്കേഷൻ ദേശീയതലത്തിലെ പരിവാഹൻ സംവിധാനത്തിന് അടിസ്ഥാനമായി. വാഹൻ, സാരഥി പ്ലാറ്റ്ഫോമുകളിൽ നിരവധി മെച്ചപ്പെടുത്തലുകൾ കേരള എംവിഡി ഉദ്യോഗസ്ഥരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കി. ആദ്യ കമ്പ്യൂട്ടറൈസ്ഡ് വാഹന പരിശോധനയും ഡ്രൈവർ പരിശോധനയും കേരളത്തിലാണ് നടപ്പിലാക്കിയത്.
ഡ്രൈവിംഗ് ലൈസൻസ് പരീക്ഷകൾ അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകൾ വഴി കൂടുതൽ സുതാര്യവും ആധുനികവുമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എംവിഡി നവീകരണത്തിനായി പ്രത്യേക നവീകരണ സ്കീം ഫണ്ട് രൂപീകരിക്കുമെന്നും ഐസിടി ഉപകരണങ്ങൾ, എൻഫോഴ്സ്മെന്റ് ടാബുകൾ, എ എൻ പി ആർ (Automatic Number Plate Recognition) ക്യാമറകൾ എന്നിവ വ്യാപകമായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. നികുതി വെട്ടിപ്പ് തടയുകയും നികുതി ശേഖരണം കാര്യക്ഷമമാക്കുകയും ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ നിർണായക പങ്ക് വഹിക്കണം.
സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ