തലസ്ഥാന നഗരിയെ വലയ്ക്കുന്ന രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ. സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ ജലവിഭവ-ഭവനനിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-കുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ എന്നിവരും യോഗത്തിൽ പങ്കെടുത്തു. നഗരത്തിലെ വെള്ളക്കെട്ട് പൂർണ്ണമായി പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിക്കാനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ദീർഘകാല മാസ്റ്റർപ്ലാൻ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.
റെയിൽവെയുടെ ഭാഗത്ത് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പഴവങ്ങാടി തോടിന്റെ വീതി കുറയുന്നതിനും ചാക്ക, പഴവങ്ങാടി ഭാഗത്ത് വെള്ളം പൊങ്ങുന്നതിനും ഇടയായതായി യോഗം വിലയിരുത്തി. പഴവങ്ങാടി തോടിന്റെ യഥാർത്ഥ വീതി നിലനിർത്തിക്കൊണ്ട് നിർമ്മാണ പ്രവർത്തികൾ നടപ്പാക്കാൻ റെയിൽവെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ട്. കൂടാതെ ആമയിഴഞ്ചാൻ തോടിൽ നിന്ന് മാലിന്യവും, മണ്ണും നീക്കുന്നതിന് വേണ്ടി നഗരസഭാ അധികൃതർ തോടിന്റെ പാർശ്വഭിത്തി പൊളിച്ചിരുന്നു. അത് പുനസ്ഥാപിക്കുന്നതിന് മുമ്പ് മഴ പെയ്തതിനാലാണ് കിഴക്കേകോട്ട ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമായതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടാതെ ആമയിഴഞ്ചാൻ തോടിലും പാർവ്വതീ പുത്തനാറിലും നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങൾ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതിനും കാരണമായി. മാലിന്യനിർമാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിയാതെ വന്നതിലൂടെയാണ് വെള്ളപ്പൊക്കം രൂക്ഷമായിത്തീരാനിടയായത്.
റെയിൽവെയുടെ ഭാഗത്തുൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പരിമിതികൾ വകുപ്പ് സെക്രട്ടറി അറിയിച്ചു. നിയമസഭാ ഇലക്ഷനോടനുബന്ധിച്ച് നഗരസഭയുടെ രാത്രികാല പെട്രോളിംഗിലുണ്ടായ കുറവ് ഓടകളിലും മറ്റും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഇടയാക്കി. തോടുകളുടെ വശങ്ങളിൽ വളരുന്ന മരങ്ങളുടെ വേരുകൾ സംരക്ഷണ ഭിത്തി ഇടിയുന്നതിന് കാരണമായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് പ്രശ്നപരിഹാരത്തിനും തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും അടിയന്തിരമായി സ്വീകരിക്കാവുന്ന നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ മന്ത്രിമാർ നിർദ്ദേശം നൽകി.
പുതിയ മാസ്റ്റർപ്ലാൻ വരുന്നു