നൂറുദിന കർമപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച 16 പദ്ധതികളും നടപ്പിലാക്കിയതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ഏകാധ്യാപക വിദ്യാലയങ്ങളും എൽ പി സ്കൂളുകളായി ഉയർത്തി. അധ്യാപകരുടെ ദീർഘകാല പ്രശ്നങ്ങൾ പരിഹരിച്ചു. ഹൈസ്കൂൾ തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠനം ആരംഭിച്ചതിനൊപ്പം എല്ലാ എൽ പി, യു പി സ്കൂളുകളിലും ഡിജിറ്റൽ സ്ക്വയറുകൾ സ്ഥാപിച്ചു. ഹയർ സെക്കൻഡറി തലത്തിൽ പുതിയ ബാച്ചുകൾ ആരംഭിച്ചു. കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്ന ‘അക്വാഫിറ്റ്’, ആദിവാസി-തീരദേശ മേഖലകളിൽ സ്കൂളിൽ നിന്ന് കൊഴിഞ്ഞുപോയ കുട്ടികളെ തിരികെ എത്തിക്കുന്ന ‘കൂടെ’ പദ്ധതികളും നടപ്പാക്കി.
കേന്ദ്രഫണ്ട് ലഭിക്കുന്നതിൽ ചില കുറവുകളുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ ആവശ്യമായ സാമ്പത്തിക പിന്തുണയോടെ സമഗ്ര ശിക്ഷാ കേരളത്തിന്റെ പദ്ധതികൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
ഭാവിയെ രൂപപ്പെടുത്തുന്നതിന് ഗണിത-ഭാഷാ അറിവുകൾക്ക് പ്രാധാന്യമുണ്ടെന്നും ആത്മവിശ്വാസത്തോടെ സംസാരിക്കുന്നതിനും ഇടപെടലുകൾ നടത്തുന്നതിനും ഇവ സഹായിക്കുമെന്നും പരിപാടിയിൽ അധ്യക്ഷനായ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു.
