മത്സരപരീക്ഷകളിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധിയുടെ സൗകര്യം കൂടി പ്രയോജനപ്പെടുത്തി അവസരസമത്വം ഉറപ്പാക്കുകയാണ് മുകുളം പോർട്ടലിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച ‘മുകുളം’ എ.ഐ അധിഷ്ഠിത പോർട്ടൽ ജവഹർ സഹകരണ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഹയർസെക്കൻഡറി മേഖലയെ മികവിന്റെ കേന്ദ്രമാക്കാൻ മുകുളം പോലെയുള്ള നവീന ആശയങ്ങൾ സഹായിക്കുമെന്നും ഇത്തരം പദ്ധതികൾ ഫലപ്രദമായി സ്കൂളുകളിൽ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.ടി, ഐ.ഐ.എസ്.ഇ.ആർ, കെ.വി.പി.വൈ തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് സൗജന്യ എ.ഐ അധിഷ്ഠിത പരിശീലനം നൽകുന്നതിനാണ് മുകുളം പോർട്ടൽ ഒരുക്കിയിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി കാരണം സ്വകാര്യ കോച്ചിംഗ് സെന്ററുകളിൽ പരിശീലനം നേടാൻ കഴിയാത്ത സാധാരണക്കാരായ കുട്ടികൾക്കും മികച്ച വിജയം നേടുന്നതിനുള്ള അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരഞ്ഞെടുത്ത 25 സ്കൂളുകളിൽ പൈലറ്റ് പ്രോജക്റ്റായി, പദ്ധതി വിജയകരമായി പൂർത്തിയാക്കിയിരുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലെ പത്തോളം വിഷയങ്ങൾക്കുള്ള ഡിജിറ്റൽ പഠന സാമഗ്രികൾ എഐ സങ്കേതങ്ങൾ ഉപയോഗിച്ച് പുതിയ കൈറ്റ് വെബ്സൈറ്റിൽ തയാറാക്കിയിട്ടുണ്ട്.
കൈറ്റിന്റെ നേതൃത്വത്തിൽ വിഎച്ച്എസ്ഇ പ്രിൻസിപ്പാൾമാർക്കുള്ള ഏകദിന ശില്പശാലയും ജവഹർ സഹകരണ ഭവനിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. വിഎച്ച്എസ്ഇ തലത്തിലും കാലാനുസൃത മാറ്റങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തൊഴിൽ സാധ്യതകൾക്ക് പ്രാധാന്യം നൽകി കൃഷി, വ്യവസായം തുടങ്ങിയ മേഖലകളെയും എ.ഐ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളെയും സംയോജിപ്പിച്ച് വി.എച്ച്.എസ്.ഇയെ പുനഃസംവിധാനം ചെയ്യും. ഇതിനായി പുതിയ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായി മന്ത്രി അറിയിച്ചു. വ്യത്യസ്ഥ ഉത്തരവാദിത്വങ്ങൾ മികച്ച ഏകോപനത്തോടെ നിർവഹിക്കപ്പെടുമ്പോഴാണ് പൊതുവിദ്യാഭ്യാസ മേഖലയെ വിജയകരമായി മുന്നോട്ട് നയിക്കാൻ കഴിയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
