ബാങ്കിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഓൺലൈനായി മാറിയ പുതിയ സാഹചര്യത്തിൽ കമ്പ്യൂട്ടർ സാക്ഷരത അനിവാര്യമാണ്. ഇതിന്റെ ഭാഗമായി പൊതുസമൂഹത്തിൽ ഡിജിറ്റൽ, എ.ഐ. സാക്ഷരത വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സാക്ഷരതാ മിഷൻ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
തൊണ്ണൂറുകളുടെ തുടക്കത്തിൽ സമ്പൂർണ സാക്ഷരത കൈവരിച്ച കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. അക്ഷരജ്ഞാനത്തിൽ മാത്രം ഒതുങ്ങാതെ തുടർ വിദ്യാഭ്യാസ പരിപാടികളിലൂടെയും തുല്യതാ പരീക്ഷകളിലൂടെയും നിരവധി പേർക്ക് ഉയർന്ന വിദ്യാഭ്യാസവും ബിരുദങ്ങളും നേടാൻ സാക്ഷരതാ മിഷനിലൂടെ കഴിഞ്ഞു. പഠനം മുടങ്ങിയവർക്ക് തുല്യതാ പരീക്ഷയിലൂടെ പഠനം പൂർത്തിയാക്കി അഭിഭാഷകരായി എൻറോൾ ചെയ്യാൻ സാധിച്ചതും സാക്ഷരതാ മിഷന്റെ സുപ്രധാന നേട്ടമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
അതിഥി തൊഴിലാളികൾക്കായുള്ള ‘ചങ്ങാതി’, ട്രാൻസ്ജെൻഡർ വിഭാഗത്തിനായുള്ള ‘സമന്വയ’, കാഴ്ചപരിമിതർക്കായുള്ള ‘ദീപ്തി’, ജയിൽ അന്തേവാസികൾക്കായുള്ള ‘ജയിൽ ജ്യോതി’ തുടങ്ങിയ പദ്ധതികളിലൂടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങളാണ് സാക്ഷരതാ മിഷൻ നടത്തിവരുന്നത്. സാമ്പത്തിക, സൈബർ, നിയമ സാക്ഷരതാ പ്രവർത്തനങ്ങളും ഇതോടൊപ്പം നടപ്പാക്കുന്നുണ്ടെന്നുള്ളത് അഭിമാനകരമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
