സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ സർക്കാർ ആരംഭിച്ച ‘തൂഫാൻ’ ലഹരി വിരുദ്ധ പദ്ധതി അതിശക്തമായി മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മയക്കുമരുന്ന് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെയോ അവരെ സഹായിക്കുന്ന പൊതുപ്രവർത്തകരെയോ ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പൂർണ പിന്തുണയുണ്ടെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
വനാതിർത്തി നിർണ്ണയത്തിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കസ്തൂരിരംഗൻ കമ്മിറ്റി ആദ്യം 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയായി നിർദേശിച്ചത്. ഉമ്മൻ വി ഉമ്മൻ കമ്മിറ്റി നടത്തിയ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇത് 123 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്ററായി കുറച്ചു. പിന്നീട് വില്ലേജ് വിഭജനത്തെ തുടർന്ന് 131 വില്ലേജുകളായെങ്കിലും കഴിഞ്ഞ സർക്കാർ ഇത് 98 വില്ലേജുകളായി ചുരുക്കി. നിലവിലെ കരട് റിപ്പോർട്ടിന്റെ കാലാവധി നീട്ടുന്നതിനുള്ള പുതിയ ഡ്രാഫ്റ്റ് മാത്രമാണ് ഇപ്പോൾ വന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി ലോല മേഖലയായി കണക്കാക്കുന്ന പതിനായിരത്തോളം ചതുരശ്ര കിലോമീറ്ററിൽ ഏകദേശം 9,200 ചതുരശ്ര കിലോമീറ്ററും റിസർവ് വനമാണ്. 98 വില്ലേജുകളിലായി 8,590 ചതുരശ്ര കിലോമീറ്ററായി പരിധി പരിമിതപ്പെടുത്തണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ശക്തമായ നിലപാട്. വനത്തോടൊപ്പം ജനവാസ കേന്ദ്രങ്ങളുള്ള വില്ലേജുകളിൽ ജനവാസ മേഖലകൾ പൂർണമായും ഒഴിവാക്കി വനപ്രദേശം മാത്രം ഉൾപ്പെടുത്തണമെന്നും ഒരു വില്ലേജും പൂർണമായി വനാതിർത്തിയായി പ്രഖ്യാപിക്കരുതെന്നും വിദഗ്ധ സമിതിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
